ഡിജിറ്റൽ ടെക്നോളജിയിൽ വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് ‘ഡിജിറ്റൽ ഫെസ്റ്റിവൽ’ ഒരുക്കി ഹാബിറ്റാറ്റ് സ്കൂൾ.

  • രാജ്യത്ത് ഒരു ദശലക്ഷം കോഡർമാരെ പരിശീലിപ്പിച്ചെടുക്കാനുള്ള യുഎഇ സർക്കാരിന്റെ പദ്ധതിപ്രഖ്യാപനത്തിന്റെ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇത്തരമൊരു ഫെസ്റ്റിവൽ ഒരുക്കി ഹാബിറ്റാറ്റ് സ്കൂൾ മാതൃകയാകുന്നത്‌.

അജ്‌മാൻ: സാങ്കേതിക വിദ്യ ഏതൊരാളുടെയും വിരൽത്തുന്പിൽ എത്തിക്കഴിഞ്ഞ ഇക്കാലത്തു ആധുനികലോകത്തെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ ഡിജിറ്റൽ ടെക്നോളജിയിലൂടെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ ആദ്യമായി ഹാബിറ്റാറ്റ് സ്കൂൾ തുടക്കമിട്ട ‘സൈബർ സ്‌ക്വർ പ്രോഗ്രാമ്മിംങ് പരിശീലന പദ്ധതി’യുടെ ഭാഗമായുള്ള ‘ഡിജിറ്റൽ ഫെസ്റ്റിവൽ’ ഉദ്ഘാടനം നടത്തി. എച്ച് പി കന്പനിയുടെ മിഡ്‌ഡിൽ ഈസ്റ്റ് ചീഫ് ടെക്നിക്കൽ ഓഫീസർ മൊറാദ് ഖുദ്‌ഖുദ്‌ ആണ് അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂളിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.

   

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, വെബ്‌സൈറ്റ്, മൊബൈൽ ആപ്പുകൾ, ഗെയിംസ്, ടെക്നിക്കൽ പ്രേസേന്റേഷൻസ് എന്നീ മേഖലകളിൽ കുട്ടികളുടെ അവതരണങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സിനിമയിലെയും സാഹിത്യത്തിലേയും രസകരമായ വിവരങ്ങളും ഉൾക്കൊള്ളിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. അൽ ജർഫ് ക്യാന്പസിലെ വിദ്യാർത്ഥികളെ കൂടാതെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, അൽ തല്ല, ഉമ്മുൽ ഖുവൈൻ എന്നീ ഹാബിറ്റാറ്റ് സ്കൂളുകളും ഫെസ്റ്റിൽ പങ്കെടുത്തു. ഒന്നാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള കുട്ടികൾ കോഡർമാരായിരുന്നു. പ്രോഗ്രാമിങ്, സൈബർ ആക്ടിവിറ്റീസ് എന്നിവയുടെ സ്‌കൂൾതലത്തിലുള്ള പ്രഥമ പ്രദർശനമായ ഡിജിറ്റൽ ഫെസ്റ്റിവലിന്റെ ഭാഗമാകാൻ രക്ഷിതാക്കളും മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി നിരവധി പേരാണ് എത്തിച്ചേർന്നത്. രാജ്യത്ത് ഒരു ദശലക്ഷം കോഡർമാരെ പരിശീലിപ്പിച്ചെടുക്കാനുള്ള യുഎഇ സർക്കാരിന്റെ പദ്ധതിപ്രഖ്യാപനത്തിന്റെ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇത്തരമൊരു ഫെസ്റ്റിവൽ ഒരുക്കി ഹാബിറ്റാറ്റ് സ്കൂൾ മാതൃകയാകുന്നത്‌.

    

എലിമെന്ററി സ്കൂൾ തലത്തിൽത്തന്നെ കോഡിങ് പഠിപ്പിക്കുന്ന ഹാബിറ്റാറ്റ് സ്കൂളിന് യുഎഇ സർക്കാരിന്റെ ഇത്തരമൊരു ഉധ്യമത്തിൽ പിന്തുണ നല്കാൻ സാധിച്ചതിൽ തികച്ചും അഭിമാനാർഹമായ നേട്ടമാണെന്ന് സ്കൂൾ മാനേജിങ്ങ് ഡയറക്ടർ സി ടി ഷംസു സമാൻ വ്യക്തമാക്കി.

ഹാബിറ്റാറ്റ് സ്കൂൾ അൽ ജർഫ് പ്രിൻസിപ്പലും ഡിജിറ്റൽ ഫെസ്റ്റിവൽ കൺവീനറുമായ സഞ്ജീവ് കുമാർ, സ്കൂൾ ഗ്രൂപ്പ് സിഇഒ സി ടി ആദിൽ, ഫെസ്റ്റ് ക്യൂറേറ്ററും സൈബർ സ്‌ക്വർ പ്രോഗ്രാമ്മിംങിന്റെ ഉപജ്ഞാതാവുമായ എൻ പി മുഹമ്മദ് ഹാരിസ് തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു.