കേരളത്തെക്കുറിച്ച് രാഷ്ട്രപതിയുടെ വാക്കുകൾ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണ് ; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സന്ദർശനം നടത്തിയ രാഷ്‌ട്രപതി കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ജനതയുടെ മതസൗഹാർദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി പറഞ്ഞ വാക്കുകൾ കേരളത്തിന് വലിയ പിന്തുണയാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയ പൗരസ്വീകരണത്തിലാണ് രാഷ്ട്രപതി കേരളത്തെ പ്രകീര്‍ത്തിച്ച്‌ സംസാരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്നും, ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ ഹൗസ് കേരളമായിരിക്കുമെന്നും രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് വ്യക്തമാക്കി. കേരള സംസ്ഥാനത്തെ പ്രശംസ കൊണ്ട് പൊതിഞ്ഞ അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്നും പറയുകയുണ്ടായി.

ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിച്ചു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി കൊച്ചിയിലെത്തുന്നതായിരിക്കും. ഉദ്ഘാടനത്തിന് ശേഷം ഉച്ചക്ക് 12.30 ഓടെ ദില്ലിയിലേക്ക് മടങ്ങും.