ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ യുവതിയോട് മോശ പെരുമാറ്റം; യുവാവിന് മൂന്ന് മാസം തടവ്

ദുബായ്: ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ 23 കാരിയായ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ. കഴിഞ്ഞ ജൂലായിൽ നടന്ന സംഭവത്തിൽ നേരത്തെ തന്നെ കോടതി 33 കാരനായ യെമന്‍ സ്വദേശിയായ വിനോദ സഞ്ചാരിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ കോടതി തള്ളിയാണ് മൂന്ന് മാസം തടവ് ഉത്തരവിട്ടത്.

രാത്രി 10.30ന് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം വാങ്ങാൻ വരിയിൽ നിന്ന യുവതിയെ ഇയാൾ പിന്നിൽ നിന്ന് മോശമായി സ്പർശിക്കുകയായിരുന്നു. ആദ്യം യുവതി അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും വീണ്ടും യുവതിയുടെ ശരീരത്തിലേക്ക് ചേർന്ന് നിൽക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തു.

ശേഷം യുവതി ഇയാളിൽ നിന്ന് അകലം പാലിച്ച്, ഇയാളുടെ നടപടിയെക്കുറിച്ച് ചോദ്യം ചെയ്‌തെങ്കിലും യുവാവ് യാതൊരു കൂസലും കൂടാതെ വരിയിൽ തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് യുവതി തന്റെ സഹോദരനെ വിളിച്ച് വിവരങ്ങൾ പറയുകയും, പോലീസിനെ അറിയിക്കുകയുമായിരുന്നു.സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിക്ക് 20 ദിവസത്തിനകം അപ്പീൽ നൽകാമെന്നായിരുന്നു വിധി. ഇങ്ങനെ നൽകിയ അപ്പീൽ ആണ് കോടതി തള്ളി മൂന്ന് മാസം തടവ് പ്രഖ്യാപിച്ചത്.