റേഷൻ കടകൾ ഡിജിറ്റലാകുന്നു

തിരുവനന്തപുരം: റേഷന്‍വിതരണ രംഗത്ത് ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നു. റേഷന്‍വിതരണം സുതാര്യവും അഴിമതി രഹിതവുമാക്കുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും കംപ്യൂട്ടര്‍വല്‍ക്കരിച്ച്‌ ഇ പോസ് (ഇലക്‌ട്രോണിക് പോയന്റ് ഓഫ് സെയില്‍) മെഷീനുകള്‍ സ്ഥാപിക്കും.

കാർഡുടമകൾക്ക് കൃത്യമായി റേഷൻ വിതരണം നല്കുന്നുണ്ടോ എന്നും, റേഷനിൽ തിരിമറികൾ നടക്കുന്നുണ്ടോ എന്നുള്ള വിവരങ്ങൾ ഇ പോസ് മെഷീനുകള്‍ വഴി മനസ്സിലാക്കൻ സാധിക്കും. ഇതിൻറെ ആദ്യ ഘട്ടം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ നവംബര്‍ പത്തിന് ആരംഭിക്കുകയും, അടുത്ത വർഷം ആരംഭത്തോടെ എല്ലാ റേഷന്‍കടകളിലും ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കുകായും ചെയ്യും. ഒപ്പം തന്നെ ചില്ലറവ്യാപാരികള്‍ക്കുള്ള വേതന പാക്കേജിനും തുടക്കം കുറിക്കും. ഇ പോസ് മെഷീനുകള്‍ കാർഡുടമകളുടെ ആധാറുമായി ബന്ധിപ്പിക്കും.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കാര്‍ഡുടമയ്ക്കോ, കാര്‍ഡുടമ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമായിരിക്കും റേഷൻ വാങ്ങാനാകൂ. മാത്രമല്ല വാങ്ങുന്ന റേഷന്റെ വിവരങ്ങൾ അപ്പോൾ തന്നെ കാര്‍ഡുടമയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. കൂടാതെ കടയുടമയ്ക്ക് റേഷന്‍ മറിച്ച്‌ വില്‍ക്കാനുമാകില്ല.

ആന്ധ്രയില്‍ ഉള്‍പ്പെടെ ഇ പോസ് മെഷീനുകള്‍ നല്‍കുന്ന കമ്പനികൾ തന്നെയാണ് കേരളത്തിലേക്കും മെഷീനുകളുടെ വിതരണം നടത്തുന്നത്. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച വേതന പാക്കേജിനും തുടക്കാം കുറിക്കും. 350 കാര്‍ഡുള്ള വ്യാപാരിക്ക് കുറഞ്ഞത് 16,000 രൂപയായിരിക്കും വേതനമായി നൽകുക. 2100 വരെ കാര്‍ഡ് കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രതിമാസം 47,000 രൂപ ലഭിക്കുന്നതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗോഡൌണുകളില്‍ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനാവും ലഭ്യമാക്കും. ഈ സംവിധാനം, സാധനങ്ങൾ കടകളിലെത്തുന്നതിന് മുമ്പുള്ള തിരിമറികൾ കണ്ടെത്താൻ സഹായകമാകും.