പതിനൊന്നുകാരന്റെ കൊലപാതകം; കോടതിയിൽ നാടകീയ രംഗങ്ങൾ

അബുദാബി:പർദ്ദ ധരിച്ച് സ്ത്രീ വേഷത്തിലെത്തിയ പാകിസ്ഥാൻ പൗരൻ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വാദം പുനരാരംഭിച്ചു. നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറുന്നത്.

പാക്ക് പൗരനായ പ്രതി കുറ്റം നിഷേധിക്കുകയും, പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രതിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും കേസ് വീണ്ടും പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.സംഭവ ദിവസം പ്രതി അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം.സംഭവം നടന്നു എന്ന പറയുന്ന ജൂൺ മാസം തന്റെ കക്ഷി മുസഫയിലാണെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

പക്ഷെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കൃത്യം നടത്തിയത് ആസൂത്രിതമായ തയ്യാറെടുപ്പുകളോട് കൂടിയായിരുന്നുവെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു.എ.സി മെക്കാനിക്കായ 33 കാരനായ പാക് പൗരൻ കൃത്യം നടത്തുന്നതിന് നാല് മാസം മുമ്പ് കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. കുട്ടിയുമായി നല്ല അടുപ്പവും പ്രകടിപ്പിച്ചിരുന്നു.

കുട്ടി തന്റെ പിതാവിനൊപ്പം പള്ളിയിൽ പോകുമെന്ന കാര്യം മുൻകൂട്ടി മനസ്സിലാക്കിയ പ്രതി പർദ്ധ അണിഞ്ഞ സ്ത്രീ വേഷം ധരിച്ചാണ് കുടുംബം താമസിക്കുന്ന സ്ഥലത്തെത്തിയത്. പിന്നീട് കുട്ടി വരുന്നത് കാത്തിരുന്ന ഇയാൾ കുട്ടിയേയും കൂട്ടി കെട്ടിടത്തിന് മുകളിലേക്ക് പോവുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം തുണികൾ ചേർത്തുണ്ടാക്കിയ കയർ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു’എന്നാണ് പ്രോസിക്യൂഷന്റെ വാദം.പ്രതിക്കെതിരെ ക്രോസ്സ് ഡ്രസിങ്,നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കൽ,കൊലപാതകം,പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

നേരത്തെ കുറ്റങ്ങളെല്ലാം ആദ്യം പ്രതി നിഷേധിച്ചുവെങ്കിലും,പിന്നീട് തന്റെ കുറ്റം സമ്മതിക്കുകയായിരുന്നുപ്രതി.എന്നാൽ ഇപ്പോൾ വീണ്ടും പുതിയ വാദവുമായി പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ എത്തിയിരിക്കുകയാണ്.മുമ്പ് പ്രതിക്ക് മാനസികാസ്വസ്ഥത ഉണ്ടെന്ന് പറഞ്ഞ് കേസ് വഴിതിരിക്കാൻ ശ്രമിച്ചെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അത് കള്ളമാണെന്ന് തെളിയുകയും ചെയ്തു.