വ്യാജ ഫോൺ വിളിയിലൂടെ മലയാളി യുവതിക്ക് നഷ്ടമായത് 19,400 ദിർഹം

ഷാർജ: ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് വ്യാജ ഫോൺ വിളിയിലൂടെ മലയാളി യുവതിക്ക് നഷ്ടമായത് 19,400 ദിർഹം. ദുബായ് അൽ ബർഷയിൽ ജോലിചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇവർ ജോലി ചെയ്ത് കിട്ടുന്ന മാസ ശമ്പളമടക്കം ബാങ്കിൽ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്. തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബാങ്കിന്റെ പേര് പറഞ്ഞാണ് അജ്ഞാത മൊബൈലിൽ നിന്നും വിളിച്ച് ‘അഞ്ചുലക്ഷം ദിർഹം താങ്കളുടെ മൊബൈൽ നമ്പറിന് അടിച്ചിട്ടുണ്ട്’ എന്ന വ്യാജ സന്ദേശം നൽകിയത്. ബാങ്കിന്റെ പ്രത്യേക പ്രമോഷനിൽ യുവതിയുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയത് കാരണമാണ് ഭാഗ്യം ലഭിച്ചിരിക്കുന്നതെന്നും അറിയിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പിന്നീട് യുവതിയുടെ ബാങ്ക് വിവരങ്ങളും മറ്റും ഇവർ ചോദിച്ച് മനസ്സിലാക്കിയ ഇവർ, ഉടൻ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള മുഴുവൻ വിവരങ്ങളും രഹസ്യ കോഡ് നമ്പറടക്കം യുവതിയോട് പറഞ്ഞു. അത്കൊണ്ട് തന്നെ സംശയം തോന്നിയില്ല എന്നാണ് യുവതി പറയുന്നത്. തുടർന്ന് യുവതിയുടെ മൊബൈലിൽ വന്ന പ്രത്യേക കോഡ് നമ്പർ അറിയിക്കാനും വിളിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു. കോഡ് ലഭിച്ചയുടൻ അഞ്ചുലക്ഷം ദിർഹത്തിന്റെ ചെക്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് പറഞ്ഞാണ്‌ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തത്.

എന്നാൽ ഏറെയായിട്ടും ഇവർ പറഞ്ഞത് പോലെ പണം അക്കൗണ്ടിൽ നിക്ഷേപിക്കാഞ്ഞതിനാൽ പ്രമോഷൻ’ പേരിൽ വിളിച്ച ബാങ്കുമായി യുവതി ബന്ധപ്പെടുകയായിരുന്നു. അങ്ങനെയൊരു വിളി പോയിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയതോടെ യുവതി തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് അജ്ഞാത മൊബൈൽ നമ്പറിലേക്ക് അക്കൗണ്ടിൽ നിന്നും 10 തവണയായി 1000 ദിർഹവും ഒരു തവണ 400 ദിർഹവും മാറ്റിയിട്ടുണ്ടെന്നും അജ്‌മാനിലുള്ള ബാങ്ക് എ.ടി.എമ്മിൽ നിന്നും 9,000 ദിർഹം പിൻവലിക്കുകയും ചെയ്തുവെന്നും യുവതി മനസ്സിലാക്കുന്നത്.

യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ദിവസം പരമാവധി 9,000 ദിർഹം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂെ. അതിനാലാണ് ബാക്കി തുക തട്ടിപ്പുകാർ മൊബൈലിലേക്ക് മാറ്റിയത്. പിന്നീട് വിളിച്ച മൊബൈൽ നമ്പർ നിലവിലില്ല എന്നാണ് പറയുന്നതെന്നും യുവതി പോലീസിൽ നൽകിയ വിവരങ്ങളിൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ ബാങ്കിനും യുവതി പരാതി നൽകിയിട്ടുണ്ട്.