കൂടുതൽ വിസ്മയ കാഴ്ചകളുമായി 22- മത് ഗ്ലോബൽ വില്ലേജ് നാളെ തുടക്കം കുറിക്കുന്നു.

ദുബൈ : ആഗോള രാഷ്ട്രങ്ങളുടെ വൈവിധ്യമാർന്ന തനിമയും പൈതൃകവും അല്പം പോലും ചോർന്നുപോകാതെ നിലനിർത്തിക്കൊണ്ടുതന്നെ, വശ്യസൗന്ദര്യം കവിഞ്ഞൊഴുകുന്ന കാഴ്ച്ചകളൊരുക്കാൻ ദുബൈ ഗവണ്മെന്റിന്റെ 22- മാതു ആഗോളഗ്രാമത്തിന് (ഗ്ലോബൽ വില്ലേജ് ) നാളെ തുടക്കം കുറിക്കുന്നു. ഇത്തവണ ഇന്ത്യയുൾപ്പെടെ എഴുപത്ത‌ഞ്ചിലേറെ രാജ്യങ്ങളാണ് മേളയിൽ അണിനിരക്കുന്നത്. ബോസ്നിയയാണ് ഇത്തവണത്തെ പുതുമുഖ രാജ്യം. പക്ഷെ, ചെറിയൊരു ഇടവേളയ്ക്കുശേഷം നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങീ രാജ്യങ്ങളും കാഴ്ചകളുടെ വിസ്മയ ലോകം തീർക്കാൻ ഇവിടെ എത്തുന്നുണ്ട്. കൂടാതെ, അറേബ്യൻ പൈതൃക കാഴ്ചകൾ അണിനിരത്തിക്കൊണ്ട് ഖലീഫ ബിൻ സായിദ് അൽ നെഹ് യ്യാൻ ഫൗണ്ടേഷന്റെ കീഴിലുള്ള ‘ഖലീഫ ഫൗണ്ടേഷൻ പവിലിയനും’ ഇത്തവണ മേളയിൽ ഒരുങ്ങുന്നുണ്ട്. പതിവുപോലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുകയാണ് ഇന്ത്യൻ പവിലിയനും. കേരളം മുതൽ കശ്മീർവരെയുള്ള കാഴ്ചകളാണ് ഇവിടെ സംഗമിക്കുന്നത്. സന്ദർശകർക്കു കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും മേളയിൽ ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉത്പ്പന്നങ്ങൾ സ്വന്തമാക്കാനും രുചിവൈവിധ്യങ്ങൾ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനുമായി ഗ്ലോബൽ വില്ലേജ് അവസരമൊരുക്കിയിട്ടുണ്ടെന്നും ലോകപ്രശസ്ത കലാകാരന്മാർ, സാഹസിക വിനോദമൊരുക്കുന്നവർ, സർക്കസുകാർ, പാചക-കരകൗശല വിദഗ്ധർ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവർ സന്ദർശകർക്കായി കാത്തിരിക്കുകയാണെന്നും വിസ്മയത്തിന്റെ ഉയരങ്ങളിലേക്കു സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്ന ഗെയിമുകൾ, റൈഡുകൾ തുടങ്ങീ നിരവധി വിനോദവും വിജ്ഞാനവും നൽകുന്നവിധത്തിലുള്ള കാഴ്ചക്കാണ് ഇവിടെ കാത്തിരിക്കുന്നതെന്നും സി.ഒ.ഒ- ബദർ അൻവാഹിയും, ഓപ്പറേഷൻസ് ഡയറക്ടർ- അഹമ്മദ് അൽ മർറിയും ദുബൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും ‘ഛോട്ടാ ഭീം’ ഉൾപ്പെടെയുള്ള കൊച്ചുകൂട്ടുകാരുടെ പ്രിയപ്പെട്ട ചങ്ങാതിമാരും, സാംസ്കാരിക വേദിയിൽ ലോകപ്രശസ്ത കലാകാരന്മാരും സംഗമിക്കും. ബോളിവുഡ് സംഗീതമേളവുമായി ശ്രേയ ഘോഷാൽ, മികാ സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സന്ദർശകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ ലോകത്തിലെ പല പ്രമുഖരുടെയും സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. ഇവക്കുപുറമെ, ഇന്ത്യൻ പവിലിയനിലെ സാംസ്കാരിക വേദിയിൽ പതിവുപോലെ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. എൺപതിലേറെ കലാകാരന്മാർ ഇത്തവണ എത്തുന്നതോടൊപ്പം പ്രമുഖ അറബ്, ഹോളിവുഡ്, ആഫ്രിക്കൻ താരങ്ങളുടെ സാന്നിദ്ധ്യവും മേളയുടെ പ്രത്യേകതയാണ്. 12,000- ലേറെ സാംസ്കാരിക അരങ്ങുകൾക്കുപുറമെ, ഇന്ത്യ, ചൈന, ലണ്ടൻ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള 15,000- ലേറെ താരങ്ങളും ഇത്തവണ മേളയിൽ അണിനിരക്കുന്നതായിരിക്കും. മെഗാ മോൺസ്റ്റർ സ്റ്റണ്ട് ഷോ, ബൈക്ക് റേസിങ്, മറ്റു സാഹസിക വിനോദങ്ങൾ എന്നിവ ഇത്തവണയും കൂടുതൽ പുതുമയോടെയാണ് അവതരിപ്പിക്കുന്നത്. കൂടാതെ, ഹോളിവുഡ് ത്രില്ലറുകളിലെ കാഴ്ചകൾ തൽസമയം കാണാനും അവസരമുണ്ട്. ബിയോൺഡ് ബോളിവുഡ്, ഷാവോലിൻ മങ്ക്സ്, ദ് സിൽക് റോഡ്, ഗ്ലോബോ ഷോസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പുതുമയാർന്ന 28 റൈഡുകളും, 34 സ്കിൽ ഗെയിമുകലും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്.

വാഹന ഗതാഗതം നിയന്ത്രിക്കുവാനായി 18,300 വാഹനങ്ങൾക്കു പുറമെ ഈ വർഷം 300 വാഹനങ്ങൾകൂടി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ, ഇവക്കുചുറ്റും സമീപമേഖലകളിലുമായി പതിനായിരത്തിലേറെ മരങ്ങൾ നട്ടു തണലൊരുക്കിയാണ് ഇത്തവണ സന്ദർശകർക്കായി ആഗോള ഗ്രാമം ആഥിത്യമരുളുന്നത്‌. ഇതോടൊപ്പം പുതിയ രണ്ടു റൂട്ടുകൾ ഉൾപ്പെടെ നാലു ബസ് റൂട്ടുകൾ ഗ്ലോബൽ വില്ലേജിലേക്കുണ്ട്. റാഷിദിയ മെട്രോ സ്റ്റേഷനിൽനിന്നു 102, മാൾ ഓഫ് എമിറേറ്റ്സിൽനിന്നു 106 എന്നിവയാണു പുതിയ റൂട്ടുകൾ.

ഗേറ്റ് ഓഫ് ദ് വേൾഡ്, കൾച്ചറൽ ഗേറ്റ് എന്നീ രണ്ടു മുഖ്യ പ്രവേശന കവാടങ്ങളിലൂടെ ശനി മുതൽ ബുധൻ വരെ വൈകിട്ടു നാലുമുതൽ രാത്രി 12.00 വരെയാണു ഗ്ലോബൽ വില്ലേജിൽ പ്രവേശനം. വ്യാഴാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നാലുമുതൽ രാത്രി 1.00 വരെയും. തിങ്കളാഴ്ചകളിൽ വനിതകൾക്കും കുടുംബമായി വരുന്നവർക്കും മാത്രമാണു പ്രവേശനം.15 ദിർഹമാണു പ്രവേശന നിരക്ക്. കുട്ടികൾക്കും 65 കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും പ്രവേശനം സൗജന്യമാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്കും ഒപ്പമുള്ളയാൾക്കും പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റുകൾ ഓൺലൈനിലും ( www.globalvillage.ae) ലഭ്യമാണ്. ലോകത്തെ മുഴുവനായി തങ്ങളുടെ കൈക്കുന്പിളിൽ ഒതുക്കി നിർത്തുന്ന 158- ദിനരാത്രങ്ങൾ വ്യത്യസ്തവും, വൈവിധ്യവുമാർന്നതാക്കാൻ കാത്തിരിക്കുകയാണ് ദുബൈ.