തോമസ് ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണത്തില്‍ ഇനിയും കായല്‍ നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. തോമസ് ചാണ്ടി വിഷയം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.

ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. പ്രതിപക്ഷത്തോടുള്ള വെല്ലുവിളി ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സി.പി.എം വിലയിരുത്തിയെന്നാണ്​ റിപ്പോര്‍ട്ട്​. ചൊവ്വാഴ്ച കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണ ചടങ്ങിലായിരുന്നു തോമസ് ചാണ്ടി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച്‌​ പ്രസംഗിച്ചത്​.

തോമസ് ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ക്ക് വേദിയില്‍ മറുപടി നല്‍കിയ കാനം ഇന്നും വിമര്‍ശനവുമായി രംഗത്തെത്തി. തോമസ് ചാണ്ടി പറഞ്ഞത് ജാഥയുടെ നിലപാടല്ലെന്നും ഓരോരുത്തരും പറയുന്നതിന്റെ ഔചിത്യം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു. നിയമലംഘനം ആര് നടത്തിയാലും അത് സി.പി.ഐ അംഗീകരിക്കില്ലെന്നും കൈയേറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും അദ്ദേഹം ഇന്നും വ്യക്തമാക്കി.

തനിക്ക് ഇനിയും 42 പ്ലോട്ടുകള്‍ കൂടി മാര്‍ത്താണ്ഡന്‍ കായലിലുണ്ട്. അവിടേക്കുള്ള റോഡ് കൂടി മണ്ണിട്ട് നികത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചത്. ഇനിയും കായല്‍ നികത്തുമെന്ന പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി മന്ത്രിയെ അറിയിച്ചു.