സോഷ്യൽമീഡിയയിലൂടെ സൈബർ കുറ്റ കൃത്യങ്ങൾ നടത്തുന്ന പതിനായിരത്തോളം അക്കൗണ്ടുകള്‍ക്ക് പൂട്ട്

ദുബായ്: സോഷ്യൽമീഡിയയിലൂടെ തട്ടിപ്പ് നടത്തുന്ന പതിനായിരത്തോളം അക്കൗണ്ടുകള്‍ ദുബൈ
പൊലീസ് അടച്ചുപൂട്ടി. സൈബർ കുറ്റ കൃത്യങ്ങൾ നടത്തുന്നതായി കണ്ടെത്തിയ അക്കൗണ്ടുകൾക്കാണ് പൂട്ട് വീണത്. ഇതുവഴി ഭീഷണികൾ മുഴക്കുന്നതായും, പണം തട്ടിപ്പ് നടത്തുന്നതായും ആരോപിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അൽക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ദുബായ് പൊലീസ് അന്വേഷണം നടത്തിയത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി കൊള്ള നടത്തുന്നതിനെ ആസ്പദമാക്കി രണ്ട് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിന് പൊലീസ് ബുധനാഴ്ച തുടക്കം കുറിച്ചു. നിരവധി സർക്കാർ സ്ഥാപനങ്ങളെയും ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് എമിറേറ്റ്സ്, യൂണിയന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജുവനൈല്‍ അവെയര്‍നെസ് ആന്‍ഡ് കെയര്‍ അസോസിയേഷന്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, വിദേശ ക്ലബ്ബുകള്‍ തുടങ്ങിയവയും ഇതില്‍ പങ്കെടുക്കുന്നതായിരിക്കും.