പ്രവാസികൾക്ക് അനുകൂലമായി വേതന സുരക്ഷാ പദ്ധതിയുടെ 12-ാം ഘട്ടം പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയുടെ സ്വകാര്യ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ 12-ാം ഘട്ടം പ്രാബല്യത്തിൽ വന്നതായി തൊഴില്‍ മന്ത്രാലയം. ഇത് മൂലം ഏഴ് ലക്ഷം തൊഴിലാളികൾക്ക് പദ്ധതിയുടെ പരിരക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് 14,288 സ്വകാര്യ സ്ഥാപനങ്ങളാണ് പദ്ധതി പരിധിയിൽ വന്നത്.

തൊഴിലാളികൾക്ക് അവകാശപ്പെട്ട വേതനം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ഉറപ്പ് വരുത്തുന്നതിനും, വേതനം ലഭിക്കാത്തത്തിന്റെ പേരിൽ ഉണ്ടാകുന്ന പരാതികളിൽ കുറവ് വരുത്തുന്നതിനും വേതന സുരക്ഷാ പദ്ധതി സഹായിക്കും. കൂടാതെ തൊഴില്‍ മേഖലകളിലെ വേതന നിലവാരത്തെക്കുറിച്ച് അറിയാനും പദ്ധതി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കും.

അതേസമയം, തൊഴിലാളികൾക്ക് അവകാശപ്പെട്ട വേതനം നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് 3000 റിയാൽ പിഴ ചുമത്തുന്നതായിരിക്കും. മാത്രമല്ല വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണത്തിമനുസരിച്ച് സ്ഥാപനങ്ങളുടെ പിഴയുടെ തുക ഇരട്ടിപ്പിക്കുന്നതിനും വേതന സുരക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ട്.