ഗെയിൽ വിരുദ്ധ സമരത്തെ തുടർന്നുണ്ടായ സംഘർഷം : 21 പേരെ കോടതി റിമാന്‍ഡ് ചെയ്തു

കോഴിക്കോട് : നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരസമിതി നടത്തുന്ന പ്രധിഷേധ പരിപാടിക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത 21 പേരെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മുക്കം എരഞ്ഞിമാവിലാണ് പൊലീസും സമരസമിതി അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സമരത്തെ തുടർന്ന് ഒരു മാസത്തോളം മുടങ്ങിക്കിടന്നിരുന്ന ഗെയിൽ പൈപ്പ് ലൈൻ ജോലികൾ പുനരാരംഭിക്കാൻ പൊലീസിന്റെ സഹായത്തോടെ ഗെയില്‍ അധികൃതര്‍ എത്തിയപ്പോൾ സമരക്കാർ തടയുകയും ഇവരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചതിനെത്തുടർന്ന് സംഘർഷം ഉടലെടുക്കുകയുമായിരുന്നു.

രാവിലെ സമരം ചെയ്തതിനു കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു മുക്കം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.