(വീഡിയോ) മലയാളത്തിന്റെ മഹനീയ സാന്നിധ്യങ്ങൾ 36- മത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ

ഷാർജ: ലോകത്തിലെ മൂന്നാമത് വലിയ പുസ്തകമേളയായ ‘ഷാർജ രാജ്യാന്തര പുസ്തകമേള’ അവധി ദിനമായ ഇന്നലെ ജനനിബിഢമായി. വെള്ളിയാഴ്ച്ച പൊതു അവധി ദിനമായതിനാൽ യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും കുടുംബമടക്കം നിരവധി പേരാണ് അക്ഷര നഗരിയിലേക്ക് ഒഴുകി എത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് പുസ്തക മേള ആരംഭിച്ചതെങ്കിലും ഉച്ചയോടെ തന്നെ ഷാർജ അജ്‌മാൻ, റാസ് അൽ ഖൈമ, ഫുജൈറ തുടങ്ങി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുസ്തക പ്രേമികൾ ഒഴുകി എത്തുന്ന കാഴ്ചയായിരുന്നു ദൃശ്യമായത്. തുടർന്ന് മലയാളത്തിന്റെ സ്വന്തം ഭാഗ്യലക്ഷ്മിയെ ‘സ്വരഭേദങ്ങൾക്കു ശേഷം’ എന്ന പരിപാടിയിൽ ജനങ്ങൾക്കായി ഒരിക്കൽ കൂടി പരിചയപ്പെടുത്തി. ചില സന്ദർഭത്തിൽ ഒറ്റയ്ക്കുവളരുന്ന പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നെന്ന് ബോധ്യം വന്നപ്പോള്‍ അത് സമൂഹത്തിനുമുന്നില്‍ തുറന്നെഴുതണമെന്ന തന്റെ തോന്നലാണ് ‘സ്വരഭേദങ്ങള്‍ക്കുശേഷം’ എന്ന തന്റെ കൃതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്റെ അനുഭവങ്ങളും മറ്റും തുറന്ന സദസ്സിൽ മോഡറേറ്ററായിരുന്ന എല്‍വിസ് ചുമ്മാറുമായി ഭാഗ്യലക്ഷ്മി പങ്കുവെച്ചു. തുടർന്ന് നടന്ന പരിപാടിയിൽ സംവിധായകൻ കമൽ, അനൂപ് മേനോൻ, ആഷിഖ് അബു, റിമ കല്ലിങ്കൽ തുടങ്ങിയ പ്രതിഭാശാലികൾ തങ്ങളുടെ അനുഭവങ്ങൾ തുറന്ന സദസ്സിൽ പങ്കുവെച്ചും തങ്ങളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്‌തും ജനസമുദ്രത്തെ കയ്യിലെടുത്തു. മലയാളികൾ മാറോടു ചേർത്ത പ്രിയ താരങ്ങളെ കാണുവാൻ വൻ ജനാവലിയായിരുന്നു ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എത്തിയിരുന്നത്.