കോഴിക്കോട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപത് പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപത് പേര്‍ക്ക് പരിക്ക്. ഇന്ന് പുലർച്ചെ കോട്ടയത്തു നിന്നും വരികയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നിലഗുരുതരമാണ്‌. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടിയുടെ ശക്തിയിൽ ബസിന്റെ ഒരുവശം മുഴുവന്‍ തകർന്നു പോയി.ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ്സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് ബസ് ഇടിച്ചത്. ലോറി ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കണ്ണൂരിൽ ഉണ്ടായ ബസ്സപകടത്തിൽ അഞ്ചുപേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് സമാനമായ രീതിയിൽ കോഴിക്കോടും ബസ്സപകടമുണ്ടായിരിക്കുന്നത്.