വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങൾ പുറത്ത് : കേന്ദ്രമന്ത്രിയും എംപിയുമുൾപ്പെടെ 714 ഇന്ത്യക്കാർ, മോദിയുടെ അവകാശവാദങ്ങൾക്ക് വൻ തിരിച്ചടി

ന്യൂഡൽഹി : വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങൾ പാരഡൈസ് പേപ്പര്‍ പുറത്തുവിട്ടു. പുറത്തുവിട്ട ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള 714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവിവരങ്ങളുണ്ട്. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

180 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 13.4 ദശലക്ഷം രേഖകളാണ് പാരഡൈസ് പേപ്പർ പുറത്തുവിട്ടത്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്ബനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. അന്താരാഷ്ട്ര തലത്തില്‍ തന്നെ ആപ്പിള്‍ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണെന്ന് പറയുന്നു.ജനീവ എച്ച്‌എസ്ബിസി ബാങ്കില്‍ അക്കുണ്ടുള്ളവരുടെ പട്ടികയാണ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പാനമ പേപ്പറില്‍ ഉണ്ടായിരുന്നത്. സണ്‍ ടിവി, എസ്സാര്‍- ലൂപ്, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് വിവരം.കൂടാതെ നീരാ റാഡിയ, അമിതാബ് ബച്ചന്‍ തുടങ്ങിയ പേരുകളും ഇന്ത്യക്കാരുടെ പട്ടികയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുറമെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പാരഡൈസ് പേപ്പറില്‍ പറയുന്നു.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോര്‍പ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. നേരത്തെ കള്ളപണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങള്‍ പുറത്തുവിട്ടതും ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാ(ഐസിഐജെ)ണ്.
ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനും ന്യൂയോര്‍ക് ടൈംസും ബിബിസിയും ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.