അക്ഷര സ്നേഹികൾക്ക് സന്തോഷിക്കാം; 45 ലക്ഷം ദിര്‍ഹത്തിൻറെ പുസ്​തകങ്ങള്‍ വാങ്ങാന്‍ ഷാര്‍ജ ഭരണാധികാരി

ഷാർജ: വായനാ സ്നേഹികൾക്കും പ്രസാധകർക്കും എഴുത്തുകാർക്കും ഒരുപോലെ ആവേശവും ആഹ്ലാദവും പകരുന്ന പുതിയ നിർദേശവുമായി ഷാർജ സുൽത്താൻ. യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ്​ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്​ അല്‍ ഖാസിമി, ഷാർജ അന്തരാഷ്ട്ര പുസ്തക മേളയിൽ നിന്നും 45 ലക്ഷം ദിര്‍ഹത്തിൻറെ പുസ്​തകങ്ങള്‍ വാങ്ങാന്‍ നിര്‍ദേശം നല്‍കി. ഷാര്‍ജയിലെമ്പാടുമുള്ള വായനശാലകളില്‍ ഇൗ പുസ്​തകങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും.
ഗവേഷകർക്ക് മുതൽ സ്‌കൂൾ വിദ്യാര്‍ഥികള്‍ക്ക് വരെ ഫലപ്രദമാകുന്ന രീതിയിൽ ലൈബ്രറികളിലും മറ്റും പുതിയ പുസ്തകങ്ങൾ ലഭ്യമാക്കും.

36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ആറു ദിവശങ്ങൾ പിന്നിട്ടപ്പോൾ എട്ട് ലക്ഷം സന്ദര്‍ശകരാണ് മേളയിലെത്തിയിരിക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അംറി വിശദീകരിച്ചു. അറുപതിൽ പരം രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷം പുസ്തകങ്ങളും, സാംസ്കാരിക നായകന്‍മാരുടെ സാന്നിധ്യവും, സാംസ്കാരിക-സാമൂഹിക പരിപാടികളും പുസ്തകത്തോടുള്ള ഇഷ്ടവുമാണ് ഇത്രയും സന്ദർശകരെ മേളയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ വൻ വർധനയാണ് ഈ വർഷം സന്ദർശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേള എന്ന പദവിയിൽ നിന്ന് രണ്ടാം പദവിയിലേക്ക് ഷാര്‍ജ ഈ വര്‍ഷം തന്നെ ചുവട് വയ്ക്കുമെന്നാണ് ഈ അക്ഷര സ്നേഹ സാഗരം വെളിപ്പെടുത്തുന്നത്.