ടിപ്പു ജയന്തി : ചിലയിടങ്ങളിൽ സംഘർഷം, കെഎസ്ആർടിസിക്ക് നേരെ കല്ലേറ്

ബംഗളൂരു: ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കെ കർണാടകയിലെ ചിലയിടങ്ങളിൽ സംഘർഷം നടന്നതായി റിപ്പോർട്ട്. ടിപ്പു ജയന്തിയോട് അനുബന്ധിച്ച്‌ കര്‍ണാടകയിൽ സംഘപരിവാർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ പ്രദേശങ്ങളില്‍ സംഘപരിവാര്‍ ബിജെപി പ്രതിഷേധം അരങ്ങേറി. ഇതേ തുടർന്നാണ് പലയിടങ്ങളിലും അക്രമങ്ങലുണ്ടായത്. അക്രമങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. മടിക്കേരിയിൽ പ്രതിഷേധക്കാര്‍ കര്‍ണാടക ആര്‍ടിസിയുടെ ബസിന് നേരെ കല്ലെറിഞ്ഞു.

ആഘോഷത്തിന്റെ മറവില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കുടക്, ഉഡുപ്പി ജില്ലകളിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്. 2000 പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ബറ്റാലിയന്‍ ദ്രുതകര്‍മ സേനയെയും നിയോഗിച്ചിട്ടുണ്ട്. ഉഡുപ്പിയില്‍ 11 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കര്‍ണാടക അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കി. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി കല്‍ബുര്‍ഗിയില്‍ സര്‍ക്കാര്‍ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. ക്രമസമാധാന പാലന ചുമതലയുള്ള എ ഡി ജി പി കമാല്‍ പാന്തിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം മംഗളൂരുവില്‍ ചേര്‍ന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ടിപ്പു ജയന്തിയുടെ ഒൗദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിലെ വിധാന്‍ സൗധിയില്‍ ഇന്ന് വൈകുന്നേരം നിര്‍വഹിക്കും.