സ്വച്ച് ഭാരത് എന്നാല്‍ ഇതോ ? എ ബി വി പി റാലിയ്ക്കുവന്നവരുടെ അവസ്ഥ

തിരുവനന്തപുരം ; രാജ്യമാകെ ശുചിത്വത്തിന്റെ വക്താക്കളായി നടിക്കുന്ന എബിവിപി, ബിജെപി അണികള്‍ തിരുവനന്തപുരത്തെ മലിനമാക്കി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എബിവിപി റാലിക്ക് എത്തിയവരാണ് തലസ്ഥാനത്തെ തുറന്ന മലമൂത്രവിസര്‍ജനത്തിനുള്ള സ്ഥലമാക്കിയത്.

ഇവര്‍ക്ക് മലവിസര്‍ജനത്തിന് കരമനയാറിന്റെ തീരത്ത് മറപോലുമില്ലാത്ത സ്ഥലങ്ങളാണ് നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ക്കടക്കം മറയുള്ള സംവിധാനം ഒരുക്കിയില്ല. മലമൂത്രവിസര്‍ജനത്തിനും സൌകര്യമുണ്ടായിരുന്നില്ല. പൊരിവെയിലില്‍ റാലിയില്‍ പങ്കെടുത്തശേഷം മൈതാനത്തെത്തിയവര്‍ക്ക് കുടിവെള്ളം നല്‍കാന്‍പോലും ആളുണ്ടായില്ല. കൊടുംവെയിലത്ത് ഉച്ചയ്ക്കുശേഷം മൂന്നോടെ കുറെപ്പേര്‍ക്ക് ചപ്പാത്തി പൊതിഞ്ഞുനല്‍കി.
ഇവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലായിരുന്നു.

ദേശീയറാലി എന്ന പേരില്‍ കേരളത്തിലെ നേതാക്കളെയെല്ലാം ഒഴിവാക്കിയാണ് ദേശീയ നേതൃത്വം റാലി സംഘടിപ്പിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറിക്കുമാത്രമാണ് വേദിയില്‍ ഇടം കിട്ടിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. പി കെ കൃഷ്ണദാസിന് വേദിയിലേക്ക് ക്ഷണം ലഭിക്കാത്തതിനാല്‍ മടങ്ങി. മുന്‍ പ്രസിഡന്റ് വി മുരളീധരന് മൈതാനത്തിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന ചെറിയ പന്തലിലെ കസേരമാത്രം കിട്ടി.

സംസ്ഥാനത്തെ നേതാക്കളെ ദേശീയ നേതൃത്വം പരിഗണിക്കാത്തതിനാല്‍ സൌകര്യമൊരുക്കുന്നതില്‍ ഇവരും മെനക്കെട്ടില്ല.