ഗോവയിലും എക്സ് ദുര്‍ഗയില്ല : സംഘപരിവാര്‍ അജണ്ട

നാല്‍പ്പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും രണ്ടു ചിത്രങ്ങള്‍ പുറത്ത്. സനല്‍കുമാര്‍ ശശിധരന്റെ എസ്. ദുര്‍ഗ(സെക്‌സി ദുര്‍ഗ)യും, രവി ജാഥവിന്റെ ന്യൂഡുമാണ് പുറത്തായ ചിത്രങ്ങള്‍. കന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് ചിത്രം നീക്കം ചെയ്തത്. ജൂറി തെരഞ്ഞെടുക്കപ്പെട്ട 24 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇവയെ പുറത്താക്കിയത്. എന്നാല്‍, ഈ ജൂറി അംഗങ്ങള്‍ അറിയാതെയാണ് ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടത്. ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ട വിവരം താന്‍ അറിഞ്ഞില്ലെന്നും ഈ സംഭവത്തിലുള്ള നീരസം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജൂറി അംഗമായ തിരക്കഥാകൃത്ത് അപൂര്‍വ അസ്രാനി വ്യക്തമാക്കി.

സെക്സി ദുര്‍ഗ എന്ന ചിത്രത്തിന് നേരെ സംഘപരിവാര സംഘടനകളുടെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ചിത്രത്തിന്റെ പേര് മാറ്റി എസ് ദുര്‍ഗ എന്നാക്കി മാറ്റിയിരുന്നു. രണ്ട് ചിത്രങ്ങളും ചലച്ചിത്രമേളയിലെ ഇന്ത്യ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു.

നഗ്ന മോഡലുകളായി ഉപജീവനം നടത്തുന്ന സ്ത്രീകളുടെ കഥയാണ് മറാഠി ചിത്രമായ ന്യൂഡ് പറയുന്നത്. ന്യൂഡിനെയായിരുന്നു ഉദ്ഘാടന ചിത്രമായി ജൂറി കണ്ടെത്തിയത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകിനെ ഉദ്ഘാടന ചിത്രമാക്കും. എസ് ദുര്‍ഗയാവട്ടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയതാണ്.

ജോളി എല്‍. എല്‍.ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ തുടങ്ങിയ മുഖ്യധാര ചിത്രങ്ങള്‍ സുജോയ് ഘോഷ് അധ്യക്ഷനായ ജൂറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് പട്ടികയിലുള്ളത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള. മുന്‍ ദൂരദര്‍ശന്‍ ന്യൂസ് റീഡറും ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറുമായ സുനിത് താങ്കെയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.