പശുവിനെ ബലി നല്‍കും : തടയാമെങ്കില്‍ തടയൂ ,-ബി ജെ പി യെ വെല്ലുവിളിച്ച് ആദിവാസി നേതാവ്

ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ ബന്ദു ടിര്‍ക്കിയാണ് ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഗോബലി നല്‍കുമെന്ന് വ്യക്തമാക്കായിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താല്‍ഗഢ് എന്ന ആചാരത്തിനെതിരെ സര്‍ക്കാര്‍പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളി നടത്തി ടിര്‍ക്കി രംഗത്തെത്തിയത്.

പത്താല്‍ഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടിര്‍ക്കി പറയുന്നു. കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തേയും കാണുന്നത്. പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്‌ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസി നേതാവിന്റെ വെല്ലുവിളി.

ഫെബ്രുവരി 17ന് ബന്‍ഹോറയില്‍ പത്താല്‍ഗഢിയ്‌ക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കും. ഇതു തടയാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലവിളിക്കുകയാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്. ഭരണകൂടങ്ങള്‍ ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും ടിര്‍ക്കി വ്യക്തമാക്കി