സൗദിയിൽ ഡ്രൈവിംഗ് വശമുള്ളവർക്കും ലൈസൻസ് നേടുന്നതിന് പരിശീലനം നിർബന്ധം

റിയാദ്: വിദേശ രാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് ചെയ്യാൻ സാധ്യമല്ലെന്ന ഭേതഗതിയുമായി ട്രാഫിക് മന്ത്രാലയം. ഡ്രൈവിംഗ് പരിചയമുള്ള വിദേശികള്‍ക്കും സൗദി അറേബ്യയിൽ ലൈസൻസ് നേടുന്നതിന് പരിശീലനം നിർബന്ധമാണ്.

ഡ്രൈവിങ് വശമുള്ളവർ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാൻ വേണ്ടി ലൈസൻസിന് അപേക്ഷ നൽകുകയാണെങ്കിൽ 30 മണിക്കൂര്‍ ക്ലാസില്‍ ഹാജരായിരിക്കേണ്ടത് നിർബന്ധമാണ്. ടാക്സി ഓടിക്കുന്നതിനും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുമുള്ള ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ സാധാരണ ലൈസന്‍സ് ലഭിച്ച്‌ രണ്ട് വര്‍ഷം കഴിഞ്ഞവരായിരിക്കണം. ഇവര്‍ക്കും 30 മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധമാണ്.

എന്നാൽ ഡ്രൈവിങ് വശമില്ലാത്തവര്‍ക്ക് 90 മണിക്കൂര്‍ നേരത്തെ ക്ലാസാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ടാക്സിയോ വലിയ വാഹനങ്ങളോ ഓടിക്കാനുള്ള ലൈസന്‍സിന് വേണ്ടി പുതുതായി അപേക്ഷ നൽകുന്നവർ 120 മണിക്കൂര്‍ പരിശീലന ക്ലാസിൽ ഹാജരാവണം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസ് നേടുന്നതിനുള്ള കാലയളവും, ചെലവും വർദ്ധിക്കുന്നതായിരിക്കും.