ദാവൂദിന്റെ സ്വത്തുവകകള്‍ ലേലം ചെയ്തു

മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമില്‍നിന്നു കണ്ടുകെട്ടിയ മുംബൈയിലെ റസ്റ്ററന്റ് ഉൾപ്പെടെ മൂന്നു വസ്തുവകകൾ സൈഫി ബുർഹാനി അപ്‌ലിഫ്മെന്റ് ട്രസ്റ്റ് (എസ്ബിയുടി) ലേലത്തിൽ വാങ്ങി.

വസ്തുവകകൾ മുൻപു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം. കേന്ദ്ര ധനമന്ത്രാലയമാണ് ലേലം ചെയ്തത്. 11.5 കോടി രൂപയോടടുത്താണു ലേലത്തുക. ബോഹ്റ സമുദായത്തിന്റെയാണ് സൈഫി ട്രസ്റ്റ്. രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്. ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്.