ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് സമാപനം

ദുബായ്: ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് സമാപനം. ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 20 നാണ് ഫിറ്റ്നസ് ചലഞ്ചിന്റെ തുടക്കം കുറിച്ചത്. പ്രതിദിനം 30 മിനിറ്റ് നേരം വ്യായാമം ചെയ്യാനായുള്ള വെല്ലുവിളിയുമായാണ് ഫിറ്റ്നസ് ചലഞ്ച് എത്തിയിരുന്നത്.

സമാപന ചടങ്ങുകൾ ഇന്നും നാളെയുമായി ഫെസ്​റ്റിവല്‍ സിറ്റിയില്‍ നടക്കും. ഡ്രാഗണ്‍ ബോട്ട് റേസ്, നിഞ്ച യോദ്ധാക്കളുടെ പ്രകടനം, യോഗ തുടങ്ങിയവയും ചടങ്ങിന്റെ ഭാഗമായിരിക്കും. ലോക ഹെവിവെയ്റ്റ് ബോക്​സിങ്​ ചാംപ്യന്‍ ആന്‍റണി ജോഷ്വയായിരിക്കും മുഖ്യ ആകര്‍ഷണമാകും.

നാല്‍പതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിരവധി സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും നഗരത്തിലെ ഭൂരിപക്ഷ സ്​കൂളുകളും വെല്ലുവിളി സ്വീകരിച്ചു. ദുബൈ കളര്‍ റണ്‍, ദുബൈ മാസ്​ സ്വിം, ദുബൈ സ്കൂള്‍സ് ഫിറ്റ്നസ് ഗെയിംസ് എന്നിവയും ചലഞ്ചിനോടനുബന്ധിച്ച്‌​ ഒരുക്കിയിരുന്നു.

എയറോബാറ്റിക്സ്, ഫുട്ബോള്‍, യോഗ, സൈക്ലിംഗ്​ എന്നിങ്ങനെ പല വ്യായാമരീതികളും ജനങ്ങള്‍​ക്കായി ഒരുക്കിയിരുന്നു. അമേരിക്കന്‍ ഫുട്​ബാള്‍ മുതല്‍ വടംവലി വരെ ആരോഗ്യപരിപാലനത്തിനാവശ്യമായ വ്യത്യസ്​ത രീതികളും വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന 1500 സൗജന്യ വ്യായാമ പരിശീലന പരിപാടികളും ഇതിൽ ഉണ്ടായിരുന്നു. ആരോഗ്യത്തിലും കായിക ക്ഷമതയിലും ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്നതായിരുന്നു ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യം.