ദൃശ്യം സിനിമ പ്രചോദനമായി : അമ്മയേയും തന്നേയും ചേർത്ത് അപവാദം പ്രചരിപ്പിച്ചതിനാലാണ് അച്ഛനെ കൊന്ന് കുഴിച്ചുമൂടിയതെന്ന് മകൻ

കല്‍പ്പറ്റ: ദൃശ്യം മോഡലിൽ കൊലപാതകം നടത്തിയ പ്രതി കുറ്റം സമ്മതിച്ചു. അമ്മയേയും തന്നേയും ചേർത്ത് അപവാദം പ്രചരിപ്പിച്ചതിനാലാണ് അച്ഛനെ താൻ കൊലപ്പെടുത്തിയതും കുഴിച്ചുമൂടിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തമിഴ്നാട് സ്വദേശി ആശൈ കണ്ണാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണിനെയും സുഹൃത്ത് അര്‍ജ്ജുനെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു.

മാനന്തവാടി എടവക പൈങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ചയാണ് കുഴിച്ചിട്ട നിലയില്‍ ആശൈ കണ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ തറയില്‍ മണ്ണിളകി കിടക്കുന്നത് കണ്ട തൊഴിലാളികള്‍ കരാറുകാരനെ വിവരമറിയിക്കുകയും തുടര്‍ന്ന് സ്ഥലം കുഴിച്ചുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ദൃശ്യം സിനിമയുടെ തമിഴ് പതിപ്പാണ് മൃതദേഹം ഇത്തരത്തില്‍ കുഴിച്ചിടാന്‍ അരുണിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം കണ്ടെത്തിയത് മുതല്‍ പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊല്ലപ്പെട്ടയാളെക്കുറിച്ചും കൃത്യം നടത്തിയവരെക്കുറിച്ചും ബുധനാഴ്ച തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

അരുണ്‍ പാണ്ഡി ആശൈ കണ്ണന്റെയും ഭാര്യ മണിമേഖലയുടെയും രണ്ടാമത്തെ മകനാണ്. ഇളയമകന്‍ ജയപാണ്ടിയും ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. ആശൈ കണ്ണന്‍ 14 വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടുംബത്തെ ഉപേക്ഷിച്ച്‌ പോയതാണ്. കൊച്ചിയിലെ കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ എട്ടുമാസങ്ങള്‍ക്കുമുന്‍പാണ് അനുരഞ്ജനശ്രമങ്ങളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ചേര്‍ന്നത്.

മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മകനായ തന്നെയും അമ്മയെക്കുറിച്ചുമുള്ള അപവാദ പ്രചാരണവുമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് അരുണിന്റെ മൊഴി. സെപ്തംബര്‍ 27ന് രാത്രി 9 മണിക്കാണ് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ച്‌ കൊല നടത്തിയത്.