കോളേജ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം; ലേഡീസ് ഹോസ്റ്റലിൽ സ്ഥാപിച്ച സി.സി.ടിവി ക്യാമറകള്‍ എടുത്ത് മാറ്റി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ സി.സി.ടിവി ക്യാമറകള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയാണ് ക്യാമറകള്‍ നീക്കം ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. വിദ്യാർത്ഥിനികൾ ഹോസ്റ്റലുകളിൽ വൈകിയെത്തുന്നത് നിരീക്ഷിക്കാനാൻ വേണ്ടിയാണ് ക്യാമറ സ്ഥാപിക്കുന്നത് എന്ന വാദവുമായായിരുന്നു ഹോസ്റ്റൽ വാർഡന്റെ പുതിയ നടപടി.

പെണ്‍കുട്ടികള്‍ രാത്രി വൈകി പുറത്ത് പോകുന്നുണ്ടെന്നും, ക്യാമ്പസില്‍ ആണ്‍കുട്ടികളോടൊപ്പം ചേർന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ടെന്നുമുള്ള ആരോപണവും വാര്‍ഡൻ ഉന്നയിച്ചിരുന്നു. എന്നാൽ ക്യാമറകൾ സ്ഥാപിച്ചതിനെതിരെ വിദ്യാർത്ഥിനികൾ ഒറ്റകെട്ടായി തിരിഞ്ഞതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പ്രിന്‍സിപ്പലിന്റെയും വാര്‍ഡന്റെയും നടപടി എന്നാണ് വിദ്യാര്‍ത്ഥിനികളുടെ പക്ഷം. കൂടാതെ ഈ നടപടി ഇല്ലാതാക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇതോടെ ക്യാമറകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനീക്കുകയും, ശനിയാഴ്ച വൈകീട്ടോടെ ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളും എടുത്ത് മാറ്റുകയും ചെയ്തു.