സംവരണത്തെ കുറിച്ച് തന്നെ സംസാരിക്കേണ്ടി വരുമ്പോള്‍ ; വിനീത് കൊലാരത്ത്

സംവരണത്തെ കുറിച്ച് തന്നെ വീണ്ടും സംസാരിക്കേണ്ടി വരുന്നു. സി.പി.ഐ.എം സംസ്ഥാന സിക്രട്ടറി ഉൾപ്പെടെയുള്ളവർ യാതൊരു സംശയത്തിനും ഇടവരുത്താതെ വ്യക്തമാക്കി കഴിഞ്ഞു സാമ്പത്തിക സംവരണം സി.പി.ഐ.എമ്മിന്റെ നയമാണ് എന്ന്. ഒരു പടികൂടെ കടന്ന് സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ആർജ്ജവമുണ്ടോ എന്ന് അദ്ദേഹം ബി.ജെ.പി യെ വെല്ലുവിളിക്കുകയും കൂടെ ചെയ്തു. സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയായ സാമ്പത്തിക സംവരണം നടപ്പാക്കാൻ അവരെ തന്നെ വെല്ലുവിളിക്കുന്ന കോടിയേരി സ്വയം പരിഹാസ്യനാവുകയാണ്. ഇന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് കെ ചന്ദ്രൻ പിള്ളയുടെ ഒരു പ്രസംഗം നേരിൽ കേട്ടു. ദളിത് പൂജാരിയെ നിയമിച്ചതുൾപ്പെടെയുള്ള ഇടതുപക്ഷത്തിന്റെ നിരവധി വിപ്ലവാത്മകമായ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നതിനടയിൽ മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണത്തെ കുറിച്ചും അദ്ധേഹം അഭിമാനത്തോടെ പറയുകയുണ്ടായി. എം.ബി രാജേഷ് ഉൾപ്പെടെയുള്ള സഖാക്കളുടെ ഫേസ്ബുക്ക്‌ പോസ്റ്റുകളിലും സമാനമായ നിലപാടാണ് കാണാൻ കഴിഞ്ഞത്.

ഇന്ത്യാ മഹാരാജ്യത്ത് മാത്രം നിലനിൽക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഈ സംവരണം എന്നാണ് ബഹുഭൂരിപക്ഷം ആളുകളും വിശ്വസിച്ചിരിക്കുന്നത്. 1969 ലെ United Nations നടത്തിയ International Convention of the Elimination of All Forms of Racial Discrimination ന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ അതിൻറെ അംഗരാജ്യങ്ങളോട് സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതിനും അതിന്റെ ഇരയാവർക്ക് അവസര സമത്വം ഉറപ്പാക്കുന്നതിനും സംവരണം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഇതിനെ തുടർന്നും ഇതിന് മുൻപുമായി അമേരിക്ക, ബ്രിട്ടൻ, കാനഡ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിവിധ വിഭാഗങ്ങൾക്ക് സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകി വരുന്നുണ്ട്. Affirmative Actions എന്ന് പൊതുവിൽ അറിയപ്പെടുന്ന ഈ പ്രക്രിയ Positive Action എന്നും Positive Discrimination എന്നുമൊക്കെ അറിയപ്പെടുന്നുണ്ട്.

നമ്മുടെ അയൽ രാജ്യമായ ചൈനയിൽ ന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകുന്നുണ്ട്. യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള എൻട്രൻസ് ടെസ്റ്റിലെ കുറഞ്ഞ മർക്കിലുള്ള ഇളവ്, സ്‌കോളർഷിപ്പ്, സൗജന്യ ഫീസ്, സ്റ്റൈപ്പൻറ് തുടങ്ങി നിരവധി കാര്യങ്ങളാണ് വംശീയ ന്യൂനപക്ഷങ്ങളായ Non – Han ചൈനീസ് പൗരന്മാർക്ക് അവിടെ നൽകുന്ന പ്രത്യേക അവകാശങ്ങൾ. ഫിന്നിഷ് ഭാഷ സംസാരിക്കുന്ന ഫിൻലാന്റിൽ സ്വീഡിഷ് ഭാഷ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങൾക്ക് പ്രൊഫഷണൽ കോളേജുകളിലുൾപ്പെടെ സംവരണം നൽകുന്നുണ്ട്. ഒരേ യോഗ്യതയുള്ള സ്ത്രീയും പുരുഷനും ഒരു ജോലിക്ക് അപേക്ഷിച്ചാൽ സ്ത്രീക്ക് ജോലിനൽകണം എന്ന് നിയമമുള്ള രാജ്യമാണ് ജർമനി. ഏറ്റവും കുറഞ്ഞത് 20% സ്ത്രീകൾ സ്വകാര്യ പൊതുമേഖലാ കമ്പനികളുടെ ഡയറക്റ്റർമാരായി ഉണ്ടായിരിക്കണം എന്ന് കർശന നിയമമുള്ള ഫ്രാൻസിൽ 2017 ജനുവരി മുതൽ 20 ശതമാനം എന്നുള്ളത് നാൽപ്പത് ശതമാനമായി വർദ്ധിപ്പിച്ചു. ഇങ്ങനെ ഓരോ രാജ്യത്തും എന്തിന്റെ പേരിലാണോ ഒരു വിഭാഗം ജനത സാമൂഹിക അസമത്വം അനുഭവിക്കുന്നത് അല്ലെങ്കിൽ അസമത്വം അനുഭവിച്ചിരുന്നത് അതിന്റെ അടിസ്ഥാനത്തിൽ സംവരണം ഉൾപ്പെടെയുള്ള പ്രത്യേകം പരിഗണന നൽകിവരികയാണ്. ഇത് ഒരു അന്താരാഷ്ട്ര നയമാണ്.

ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് തന്നെ നിരവധി നാട്ട് രാജ്യങ്ങളിൽ സംവരണം നൽകി വരുന്നുണ്ടായിരുന്നു. 1902 ൽ കോലാപൂർ രാജാവ് ബ്രാഹ്മണർ അല്ലാത്ത എല്ലാ വിഭാഗക്കാർക്കും 50 ശതമാനം സംവരണമാണ് വിദ്യാഭ്യാസത്തിൽ നൽകിയത്. വിദ്യാലയ പ്രവേശനം മാത്രമല്ല അവർക്ക് വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും രാജാവ് പരിശ്രമിച്ചു. സൗജന്യ വിദ്യാഭ്യാസത്തിന് പുറമേ പിന്നോക്ക വിഭാഗക്കാർക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റലുകളും ഷഹു മഹാരാജ് എന്ന അന്നത്തെ രാജാവ് ഒരുക്കിയിരുന്നു. 1932 ലെ വട്ടമേശ സമ്മേളനത്തെ പറ്റി ചരിത്ര പുസ്തകത്തിൽ നമ്മൾ പഠിച്ചതാണ്. മുസ്ളീംസിനും ഇന്ത്യൻ ക്രിസത്യൻസിനും ആംഗ്ലോ ഇന്ത്യൻസിനും സിഖിനും ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും പ്രത്യേകം പ്രധിനിധ്യം വേണമെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല എന്ന് പറഞ്ഞ് നിരാഹാരം കിടന്നയാളാണ് ദി സോ കോൾഡ് മഹാത്മാ ഗാന്ധി. ഹിന്ദു എന്ന ഒറ്റ ഗ്രൂപ്പിനുള്ളിൽ നിന്നാൽ ദളിതരും മറ്റ് പിന്നോക്ക വിഭാഗങ്ങളും ജന്മത്തിൽ വെളിച്ചം കാണില്ല എന്ന് വ്യക്തമായി അറിയാമായിരുന്ന അംബേദ്കർ അതിനെ അനുകൂലിച്ചു. ഗാന്ധിയും അംബേദ്കറും ഏറ്റവും കൂടുതൽ തർക്കിച്ചതും പ്രസ്തുത വിഷയത്തിലായിരുന്നു. ഒടുവിൽ ഗാന്ധി അംബേദ്കറുമായി ഒരു ധാരണയിലെത്തിയ പ്രകാരമാണ് ഹിന്ദു എന്ന് ഒറ്റ ഗ്രൂപ്പ് ഉണ്ടാക്കാനും അതിനകത്ത് ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്. പൂനാ പാക്റ്റ് എന്നൊക്ക സാമൂഹ്യ ശാസ്ത്ര പുസ്തകത്തിൽ അച്ചടിച്ച് വെച്ചതും ഒരു പുറത്തിൽ കവിയാതെ ഉപന്യാസിക്കാൻ പറഞ്ഞതുമൊക്കെ ഈ ഉടമ്പടിയായിരുന്നു.

ലോകത്തെല്ലായിടത്തും വിവിധ പേരുകളിൽ അറിയപ്പെടുന്ന Affirmative Actions എന്ന് പൊതുവിൽ പറയപ്പെടുന്ന പ്രസ്തുത പ്രക്രിയയിൽ സാമ്പത്തികം എവിടെയും ഒരു മാനദണ്ഡമല്ല. അതിന് കാരണം ‘Anhillation of Caste’ എന്ന പ്രസിദ്ധമായ അംബേദ്കർ കൃതിയിൽ അദ്ദേഹം വ്യക്തമാക്കുന്നത് പോലെ പ്രധാനമായും 3 തരം അസമത്വങ്ങളാണുള്ളത് ഒന്ന് സാമൂഹിക അസമത്വം രണ്ട് രാഷ്ട്രീയ അസമത്വം മൂന്ന് സാമ്പത്തിക അസമത്വം. മൂന്നും മൂന്ന് പ്രത്യേക വിഷയങ്ങളാണ്. സാമൂഹിക അസമത്വത്തിന്റെ ഇരകൾക്ക് അവസര സമത്വം ഉറപ്പാക്കാനാണ് സംവരണം നൽകുന്നത്. സാമ്പത്തിക അസമത്വത്തിന്റെ ഇരകൾക്ക് സാമ്പത്തിക സമത്വം ഉറപ്പ് വരുത്താനാണ് സൗജന്യ ഭക്ഷണം, സൗജന്യ ചികിത്സ, സൗജന്യ പഠനം, ഭവന പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നത്. ഒന്ന് മറ്റൊന്നിന് പകരം വെക്കാനാവില്ല. കുടിവെള്ളത്തിന്റെ ക്ഷാമമുള്ളവന് പത്ത് ലിറ്റർ മണ്ണെണ്ണ അധികം നൽകുന്നതിൽ എന്ത് യുക്തിയാണുള്ളത്.

സി.പി.ഐ.എമ്മും സംസ്ഥാന സർക്കാരും സാമ്പത്തിക സംവരണത്തെ കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കണം. തീരുമാനത്തിൽ നിന്ന് പിറകോട്ടില്ല എന്നോക്കെ പറയുന്നത് കേൾക്കാൻ നല്ല ആവേശമാണ് പക്ഷെ മുന്നിൽ പടുകുഴിയാണ് എന്ന് മനസിലാക്കിയാൽ കാൽ പിറകോട്ട് തന്നെ വെക്കണം. അതിനെയാണ് ബുദ്ധി എന്ന് മലയാളത്തിൽ പറയുന്നത്.