ലുലുഗ്രൂപ്പി​​ന്റെ 139- മത്​ ഹൈപ്പർ മാർക്കറ്റ്​ ഷാർജ ബുഹൈറയിൽ പ്രവർത്തനമാരംഭിച്ചു.

ഷാർജ:റീട്ടൈയിൽ രംഗത്തെ പ്രബലരായ ലുലുഗ്രൂപ്പി​​ന്റെ 139- മത്​ ഹൈപ്പർ മാർക്കറ്റ്​ ഷാർജ ബുഹൈറയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ ഗവൺമെൻറ് റിലേഷൻസ്​ ഡിപ്പാർട്ട്​മ​ന്റ് ചെയർമാനും എക്​സിക്യൂട്ടിവ്​ കൗൺസിൽ അംഗവുമായ ശൈഖ്​ ഫാഹിം ബിൻ സുൽത്താൻ അൽ ഖാസിമിയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി , സി.ഇ.ഒ സൈഫ് രൂപാവാല, എക്​സി.ഡയറക്​ടർ എം.എ. അഷ്​റഫ്​ അലി, ഡയറക്​ടർ എം.എ. സലിം, വ്യാപാര പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അന്താരാഷ്‌ട്ര ലോക നിലവാരത്തിലൂടെ ഓരോ പ്രദേശങ്ങളിലും ഷോപ്പിങ്​ വ്യത്യസ്തമായ അനുഭവമാക്കിത്തീർക്കുന്നതോടൊപ്പം ഉപയോക്താക്കൾക്ക്‌ വേണ്ട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നതെന്ന്​ യൂസുഫലി പറഞ്ഞു.
ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഷാർജ ബുറൈഹയിലെ അഞ്ചാമത്​ ഷോപ്പിങ്​ കേന്ദ്രം കൂടി പ്രാവർത്തനമാരംഭിച്ചതോടെ എമിറേറ്റിലെ എല്ലാ മേഖലയിൽ നിന്നുള്ളവർക്കും ലുലുവി​​ന്റെ ലോകനിലവാരമുള്ള സേവനം ലഭ്യമാകും. പുതുതായി ആന്ധ്രയിൽ വരാനിരിക്കുന്ന പുതിയ പ്രോജക്ടിനെ കുറിച്ചും, മലയാളികളോടുള്ള തങ്ങളുടെ നിലപാടിനെക്കുറിച്ചും എം. എ. യൂസഫലി മാധ്യമ പ്രവർത്തകരോട് സംസാരിച്ചു.ഇതിനോടകം തന്നെ ആറുമാസത്തിനുള്ളിൽ പുതുതായി നാല് ഔട്‍ലെറ്റുകൾ കൂടെ ഷാർജയിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.