പ്രദ്യുമന്റെ കൊലപാതകം; സ്കൂൾ ബസ് കണ്ടക്ടര്‍ക്ക് ജാമ്യം

ഗുരുഗ്രാം: റയാൻ ഇന്റർനാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതക കേസിൽ അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടര്‍ക്ക് ജാമ്യം. ഏഴു വയസ്സുകാരൻ പ്രദ്യുമൻ ഠാക്കൂറിനെ സ്കൂളിലെ ശുചിമുറിക്കകത്ത് കൂട്ടിക്കകൊണ്ട് പോയി കഴുത്തറുത്ത് കൊന്നു എന്ന കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാൾക്കെതിരെ ആവശ്യമായ തെളിവ് സിബിഐയ്ക്ക് കണ്ടെത്താൻ കഴിയാത്തതിനാൽ ഗരുഗ്രാം ജില്ലാ കോടതി അശോക് കുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു.

പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സി.ബി.ഐയുടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ അശോക് കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ട കോടതി പ്രകൃതിവിരുദ്ധ പീഡന ശ്രമത്തിനിടെ രണ്ടാം ക്ലാസുകാരനെ സ്കൂൾ ബസ് കണ്ടക്ടര്‍ കഴുത്തറുത്ത് കൊന്നുവെന്ന പൊലീസിന്‍റെ കണ്ടെത്തൽ കോടതി തള്ളുകയും അശോകിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

രണ്ടര മാസത്തോളമുള്ള ജയിൽ വാസത്തിന് ശേഷമാണ് അശോക് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ബസ് കണ്ടക്ടറിന്റെ ജാമ്യം, പ്രദ്യുമന്റെ മാതാപിതാക്കളും സിബിഐയും എതിർത്തിരുന്നു. അന്വേഷണം നടന്ന് വരികയാണെന്നും അശോക് ഇപ്പോഴും പ്രതി സ്ഥാനത്ത് തന്നെയാണ് ഉള്ളതെന്നും സിബിഐ കോടതിയെ അറിയിച്ചു.