രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടി പുന:ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടി സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുന:ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടന നിർവ്വഹണ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിച്ചത്.

‘കോര്‍പറേറ്റുകള്‍ക്ക് സഹായകരമായ രീതിയിലാണ് ഇപ്പോള്‍ ജി.എസ്.ടി നടപ്പാക്കിയിരിക്കുന്നത്. എന്നാൽ ഇത് സാധാരണക്കാരന് താങ്ങാനാകാനാകുന്നതല്ല. ആന്റി പ്രോഫറ്റേറിംഗ് ചട്ടങ്ങള്‍ നടപ്പിലാക്കുകയും, പരോക്ഷ നികുതിയിലെ കുറവിനനുസരിച്ച്‌ എം.ആര്‍.പി വില ചുരുക്കുകയും വേണം. സാമ്പത്തിക വളർച്ചയും വ്യവസ്ഥയ വളർച്ചയും ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കണം. ജി.എസ്.ടിയുടെ വരവോടെ ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം നിലവിൽ കൊണ്ട് വന്ന നോട്ട് നിരോധനം പൂർണ്ണ ലക്ഷ്യം കൈവരിക്കാത്തതിനാൽ, ഇത് സാമ്പത്തിക വളർച്ചയെ പ്രതിസന്ധിയിലാക്കിയിരിക്കുകയെന്നാണ് പഠന റിപ്പോർട്ട്. ആഗോളവ്യവസായ ഭീമന്മാർ രാജ്യത്തെ ചൂഷണം ചെയ്യുന്നത് തടയാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ജാഗ്രത പാലിക്കണം. കേരളത്തിലെ വ്യവസായ അനുമതി വ്യവസ്ഥകള്‍ എളുപ്പവും ലളിതവുമാക്കിയതിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ കണ്ടുതുടങ്ങി. കൂടാതെ സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ വന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.