ഈ മാസം 28 ന് ദിലീപ് ദുബായിലെത്തും

ദുബായ്: ഈ മാസം 28 ന് ദിലീപ് തന്റെ ഇഷ്ട നഗരമായ ദുബൈലെത്തും. ദുബായില്‍ കരാമയില്‍ ആരംഭിക്കുന്ന ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്‌ഘാടനം 29 ന് നടക്കുന്നതായിരിക്കും. അതിന് ശേഷം രണ്ട് ദിവസം ദുബായിൽ താമസിച്ചതിന് ശേഷമായിരിക്കും നടൻ ഇന്ത്യയിലേക്ക് മടങ്ങുക.

എന്നാൽ ദിലീപിനൊപ്പം തന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഉണ്ടാകില്ല. ദിലീപിന്റെ കല്യാണത്തിന് ശേഷം ആദ്യമെത്തിയത് ദുബായിലായിരുന്നു. അന്ന് വൻ സ്വീകരണം ലഭിച്ച നടന് ഇന്നത്തെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് സുഹൃത്തുക്കൾ.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിനിറങ്ങിയ ദിലീപിന് വിദേശത്ത് ദേ പുട്ട് റെസ്റ്റോറന്റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നതിനായി നാല് ദിവസത്തെ അനുമതിയാണ് കോടതി നൽകിയത്. വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന ദിലീപിന്റെ അഭ്യർത്ഥന അംഗീകരിച്ച കോടതി, ദിലീപിന്റെ വിദേശത്തെ വിലാസം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ദുബായിൽ നിരവധി കൂട്ടുകാരും ബിസിനസ് പാർട്ടിനേഴ്സും ദിലീപിന് ഉണ്ട്. ഈ സാഹചര്യത്തിൽ ദിലീപ് എവിടെ താമസിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നും ദിലീപിന്റെ ദുബായിലെ വൃത്തങ്ങൾ വ്യക്തമാക്കി.