ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനങ്ങളുടെ നിറം മാറ്റുന്നതിന് വിലക്ക്

ദുബായ്: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നത്തിൽ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. നാപ്പത്തിയാറാമത് ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി നവംബർ 22 മുതൽ ഡിസംബർ ആറ്​ വരെയാണ് വാഹനങ്ങൾ അലങ്കരിച്ച് നിരത്തിലിറക്കാനുള്ള അനുമതി അബൂദബി പൊലീസ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ നിറം മാറ്റുക, അതീവ ശബ്ദം പുറപ്പെടുവിക്കുന്ന സാമഗ്രികൾ ഘടിപ്പിക്കുക, ലൈസൻസ്​ പ്ലേറ്റുകളും വിൻഡ്​ സ്ക്രീൻ കവറുകളും മറയ്ക്കുക എന്നിവയെല്ലാം അനുവദനീയമല്ലെന്ന്​ ഗതാഗത പട്രോൾ ഡയറക്ടറേറ്റ്​ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖലീലി വ്യക്തമാക്കി. കൂടാതെ വാഹനത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കൊണ്ട് പോകുന്നതിനും, യാത്രക്കാരുടെ ശരീര ഭാഗങ്ങൾ വാഹനത്തിന്​ പുറത്തിടുന്നതിനും നിർദേശങ്ങളുണ്ട്.

അബൂദബി നഗരത്തിലും അൽ​ഐനിലും പടിഞ്ഞാറൻ മേഖലയിലും ദേശീയദിന ആഘോഷ വേളയിൽ ലംഘനം നടക്കുന്നില്ലെന്നും ഗതാഗതം കൂടുതൽ സുഗമമാകുന്നതിനും ക്യാമറകളും റഡാറുകളും സ്ഥാപിച്ച്​ ഗതാഗത പട്രോൾ ഡയറക്ടറേറ്റ്​ നിരീക്ഷണം നടത്തും. ഗതാഗത നിയമങ്ങളും ആഘോഷ ചട്ടങ്ങളും പാലിക്കുന്നതിൽ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.