രജപുത്ര റാണി പദ്മാവതി ഇനി പാഠപുസ്തകത്തില്‍

ഭോപ്പാല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്കൂള്‍ കുട്ടികളുടെ പാഠപുസ്തകത്തില്‍ രജപുത്ര റാണി പദ്മാവതിയെക്കുറിച്ചുളള കഥയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതി സംസ്ഥാനത്തെ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അത് പരിഹരിക്കുന്നതിനാണ് പാഠപുസ്തകത്തില്‍ പദ്മാവതിയുടെ കഥ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രജപുത്ര സമുദായം മുഖ്യമന്ത്രിയെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്ബേഴാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.