ദേവസ്വം മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം: ദേവസ്വം മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി. വ്യാജരേഖയുണ്ടാക്കി യാത്രപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ ദേവസ്വം മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലിനുമെതിരെയാണ് അന്വേഷണം നടത്തുക. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത അതേദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടായിരുന്നെന്ന് കാട്ടി ഇവര്‍ യാത്രാപ്പടി കൈപ്പറ്റിയിരുന്നു.
ശബരിമലയിലെ സന്ദര്‍ശക രജിസ്റ്ററിലോ യോഗം മിനുട്‌സിലോ കൃത്രിമത്വം നടത്തിയെന്നാണ് കരുതുന്നത്. മൂന്ന് വര്‍ഷം കാലാവധിയുണ്ടായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അടുത്തിടെ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയായിരുന്നു അംഗീകാരം നല്‍കിയത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് ബോര്‍ഡിനെ പിരിച്ചു വിടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.