പാകിസ്ഥാനിൽ സംഭവിക്കുന്നതെന്ത്, കലാപത്തിൽ കൊല്ലപ്പെട്ടത് നാലുപേർ : പിന്നിൽ ഇന്ത്യയാണെന്ന വിചിത്രവാദം

ഇസ്ലാമബാദ്: പാകിസ്താനിലെ ഇസ്ലാമാബാദില്‍ കലാപം തീവ്രമാകുന്നു. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. ഇതുവരെ നാലുപേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. 200ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്.

കലാപം ലാഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. തെഹ്രികെ ലെബെയ്ക് എന്ന തീവ്ര മതരാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ടിയര്‍ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണു കലാപകാരികള്‍ പൊലീസ് നടപടിയെ ചെറുക്കുന്നത്. . തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്നു നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധം നിര്‍ത്താന്‍ തയാറാകുന്നില്ല.

കലാപ സാധ്യത മുന്നില്‍ കണ്ട് കലാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക നിരോധനവും ഏര്‍പ്പെടുത്തി.കലാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യ ചാനലുകള്‍ക്കു താല്‍കാലിക നിരോധനം കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇന്ത്യയാണ് കലാപത്തിന് പിന്നില്‍ എന്ന വിചിത്ര വാദവുമായി പാക്ക് സര്‍ക്കാര്‍ രംഗത്തുവന്നു.