സൗദിയിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് കർശന നടപടി സ്വീകരിക്കാൻ തീരുമാനം

സൗദി: സൗദിയിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് കർശന നടപടി സ്വീകരിക്കാൻ തീരുമാനം. ഇതിനായി അഴിമതി വിരുദ്ധ അതോറിറ്റിയുടെ നിര്‍ദേശം, അഴിമതി വിരുദ്ധ ഉന്നതസഭക്ക് സമര്‍പ്പിച്ചു. ഉന്നത സഭ അംഗീകാരം നല്‍കിയതിന് ശേഷം നിയമം പ്രാബല്യത്തിൽ വരുന്നതായിരിക്കും. സൗദി അഴിമതി നിര്‍മാര്‍ജന അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പൊതുമുതല്‍ സംരക്ഷിച്ച് അഴിമതി തടയാനാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 26 അനുച്ഛേദങ്ങളോട് കൂടിയ നിയമാവലിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ കരട് ഉന്നതസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. പുതിയ നിയമത്തിനായുള്ള അനുമതി ലഭിച്ചയുടൻ നിയമം പ്രാബല്യത്തിലാകുമെന്ന് അഴിമതി നിര്‍മാര്‍ജന അതോറിറ്റി മേധാവി അബ്ദുറഹ്മാന്‍ അല്‍ അജ്-ലാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രത്തിന്റെ പൊതു സമ്പത്ത് സംരക്ഷിക്കുക, ഉദ്യോഗസ്ഥ അഴിമതിയും കൈകൂലിയും അവസാനിപ്പിക്കുക, അനധികൃതമായ സ്വത്ത് സമ്പാദനം നിരീക്ഷിക്കുക എന്നിവയും നിയമത്തിന്റെ ലക്ഷ്യമാണ്.ഇത്തരം നിയമ ലംഘനങ്ങലുമായി ബന്ധപ്പെട്ട കുറ്റങ്ങളും ശിക്ഷയും വിവരിക്കുന്നതാണ് 26 അനുച്ഛേദങ്ങളുള്ള നിയമാവലി. കൂടാതെ ഈ നിയമാവലിയിൽ നിയമ ലംഘനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികവും പരാമർശിക്കുന്നുണ്ട്.