മോദി “ഹിന്ദുവല്ല ,റാം ഭക്തനെയും ‘റോം’ ഭക്തനെയും ജനങ്ങള്‍ക്കറിയാം” : കപില്‍ സിബല്‍ :

മോഡി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍. രാഹുല്‍ ഗാന്ധിയുടെ സോമനാഥക്ഷേത്ര സന്ദര്‍ശനം ബി.ജെ.പി വിവാദമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കബില്‍ രംഗത്തെത്തിയത്. അതേ സമയം യഥാര്‍ത്ഥ റാം ഭക്തനെയും ‘റോം’ ഭക്തനെയും ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പരമ്പര്യത്തെ അപഹസിച്ച് ബിജെപിയും രംഗത്തെത്തി.

മോദി യഥാര്‍ത്ഥ ഹിന്ദുവല്ല.അദ്ദേഹം ഹിന്ദുമതത്തെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരു യഥാര്‍ഥ ഹിന്ദു എല്ലാ ഇന്ത്യക്കാരെയും സഹോദരി സഹോദരന്‍മാരായി മാത്രമെ കാണുകയുള്ളൂവെന്നും സിബല്‍ പറഞ്ഞു.പ്രധാനമന്ത്രി എത്രതവണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്? ?എല്ലാ ദിവസവും അദ്ദേഹം ക്ഷേത്രദര്‍ശനം നടത്താറുണ്ടോ? ബി.ജെ.പി ഹിന്ദു മതത്തെ മറക്കുകയും പകരം ‘ഹിന്ദുത്വ’ത്തെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സിബില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സോമനാഥ് ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റര്‍ വ്യാജമാണെന്നും ബിജെപി യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കപിലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. യഥാര്‍ത്ഥ രാമ ഭക്തന്‍ ആരാണെന്ന്് ജനങ്ങള്‍ക്കറിയാം. റോം ഭക്തരാണ് കോണ്‍ഗ്രസ്‌കാര്‍. 2007 ല്‍ ബാബറി മസ്ജിത് കേസില്‍ കോണ്‍ഗ്രസ് പറഞ്ഞത് ശ്രീരാമന്‍ ജീവിച്ചിരുന്നില്ല എന്നായിരുന്നുവെന്നും ബിജെപി വക്താവ് നരസിംഹ റാവു പറഞ്ഞു