ഇന്ന് ലോക എയ്ഡ്സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവിക്കും എയ്ഡ്‌സിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കാനും രോഗം ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനുമുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. എച്ച്‌ഐവി ബാധിച്ചവര്‍ക്ക് പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യവും എയ്ഡ്‌സ് ദിനാചരണത്തിന്റെ പിന്നിലുണ്ട്. ഇന്നും ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ മാരകരോഗമാണ് എയ്ഡ്സ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും വെല്ലുവിളി ഉയര്‍ത്തുന്ന രോഗമാണ് എയ്ഡ്സ്. ഇതുവരെയും കൃത്യമായ മരുന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981 ൽ ആണ്. സ്വവർഗ്ഗരതിക്കാരായ ഏതാനും അമേരിക്കൻ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനു മുൻപുതന്നെ ഈ രോഗം കണ്ടു വന്നിരിന്നു എന്നു പറയപ്പെടുന്നു.
എയ്ഡ്സ് (എ.ഐ.ഡി.എസ്):”അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം’ എന്നാണ് എയ്ഡ്സിന്‍റെ പൂര്‍ണ്ണനാമം. ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ “ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്’ അഥവാ “എച്ച്‌.ഐ.വി’ എന്നു വിളിക്കുന്നു. എച്ച്. ഐവി രോഗബാധയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്: അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം) രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി (clinical latency) എന്ന ഘട്ടം, എയ്ഡ്സ് എന്നിവയാണ് മൂന്നു ഘട്ടങ്ങൾ. ചുവപ്പ് റിബണാണ് അടയാളം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.