മലയാളികളുൾപ്പെടയുള്ള 104 മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിൽ

കവരത്തി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിലുള്ളതായി നാവികസേന. മലയാളികളുൾപ്പെടയുള്ള 104 മത്സ്യത്തൊഴിലാളികൾ കൽപ്പേനിയിലുള്ളതായി നാവികസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ കപ്പലുകൾ ലക്ഷദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഓഖി ഭീതിയില്‍ കഴിയുന്ന തീരപ്രദേശത്ത് കടലില്‍ പോയ പകുതിയോളം മത്സ്യതൊഴിലാളികളെ സുരക്ഷിതരായി തിരികെയെത്തിക്കാനായത് ആശങ്കകള്‍ക്ക് അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ സംഘര്‍ഷം മുറ്റി നിന്ന തീരത്ത് ഇന്ന് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശികമായുള്ള പിന്തുണയും സഹായവും ലഭിച്ച്‌ തുടങ്ങി. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാനും സൗജന്യചികിത്സയും റേഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ചുഴലി മുന്നറിയിപ്പിനൊപ്പം ബോട്ടുകളും മത്സ്യതൊഴിലാളികളും കടലില്‍ കുടുങ്ങിയിട്ടുള്ള വിവരം കോസ്റ്റ് ഗാഡ് കൈമാറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ സഹായവും തേടിയിട്ടുണ്ട്. ബോട്ടുകള്‍ നിയന്ത്രണമില്ലാതെ പുറംകടലില്‍ ഒഴുകി നടക്കുന്ന ബോട്ടുകള്‍ ചരക്കുകപ്പലുകളില്‍ ഇടിക്കാനും കടല്‍ക്ഷോഭത്തില്‍ തകരാനും സാദ്ധ്യതയുണ്ടെന്ന് നാവികസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് കപ്പലുകളും രണ്ട് വിമാനങ്ങളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തിന്റെ വടക്കന്‍ തീരമായ അഞ്ചുതെങ്ങില്‍ ഏതാനും മത്സ്യതൊഴിലാളികള്‍ കടലില്‍ ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുതെങ്ങ് എസ്.ഐയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെ ഇവിടെയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കടലില്‍ നിന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജ് , ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി എത്തിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 82 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ദുരന്തത്തില്‍ മരണപ്പെട്ട പൂന്തുറ സ്വദേശി ലൂയിസ് സേവ്യര്‍ (56), ക്രിസ്റ്റി സെല്‍വന്‍ (45) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ മൈക്കിളിനെ രണ്ടാം വാര്‍ഡിലെ ഐ.സിയൂണിറ്റിലേക്ക് മാറ്റി. മൈക്കിളുള്‍പ്പെടെ 43 പേര്‍ ഇവിടെ ചികിത്സയിലുണ്ട്. ജനറല്‍ ആശുപത്രിയില്‍ 39 പേരാണ് ചികിത്സയിലുള്ളത്.