ഹാദിയയുടെ മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് എൻഐഎ

ന്യൂഡൽഹി: ഹാദിയയുടെ മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് എൻഐഎ. എന്‍ഐഎ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള പൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയ 94 മതം മാറ്റ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ ഒന്‍പതെണ്ണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്കാളിത്തം വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.മതം മാറ്റപ്പെടുന്നവരെ വലിയ തോതില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 100 ഓളം പേജ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടാണ് എൻഐഎ കോടതിയിൽ സമർപ്പിച്ചത്.

അയല്‍ സംസ്ഥാനങ്ങളിലെ പുരുഷന്മാരെയും സത്യസരണിയില്‍ മതം മാറ്റുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. വൈക്കം സ്വദേശിയായ അഖിലയെ നിര്‍ബന്ധിച്ചാണോ മതം മാറ്റി ഹാദിയ ആക്കിയത്, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിര്‍ബന്ധിത മതംമാറ്റം മറച്ച്‌ പിടിക്കാന്‍ വേണ്ടിയായിരുന്നോ, കേരളത്തില്‍ സംഘടിതമായ മതപരിവത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നീ വിഷയങ്ങളാണ് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് അന്വേഷിച്ചത്. സുപ്രിം കോടതിയില്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍ഐഎ നിരത്തുന്ന പ്രധാനപ്പെട്ട വസ്തുതകള്‍ ഇവയാണ്. സുപ്രിം കോടതി ഓഗസ്റ്റില്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന 94 മതപരിവര്‍ത്തന കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറി. ഈ കേസുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 20 ല്‍ അധികം കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പങ്കാളിത്തം കണ്ടെത്താനായി. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് സമാനമായ രീതിയില്‍ ഒന്‍പത് മതപരിവര്‍ത്തനം കണ്ടെത്താനായി. ഈ ഒന്‍പത് മതം മാറ്റങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണി എന്ന സംഘടനയ്ക്കും പങ്കുണ്ടെന്നും എന്‍ഐഎ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൈനബ, മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് പുറമെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി ഈ മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീകളെ മാത്രമല്ല അയല്‍സംസ്ഥാനങ്ങളിലെ പുരുഷന്മാരെയും സത്യസരണിയില്‍ മതം മാറ്റുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മതം മാറ്റുന്നവരെ വലിയ തോതില്‍ സത്യസരണിയില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ഇത്തരം മതം മാറ്റങ്ങള്‍ കേസുകളിലും മറ്റും അകപ്പെടാറുള്ളപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മുമ്ബ് വിദേശത്തായിരുന്ന ഷെഫീന്‍ ജഹാനും ഹാദിയയും തമ്മില്‍ പരിചയം ഇല്ലായിരുന്നു.
സത്യസരണയില്‍ വച്ച്‌ ഇസ്ലാം മതം സ്വീകരിക്കുകയും തിരികെ ഹിന്ദുമതത്തില്‍ എത്തുകയും ചെയ്ത ആതിര നമ്ബ്യാര്‍ എന്ന കുട്ടിയുടെ മൊഴി അടക്കം ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.