ഓഖി ചുഴലിക്കാറ്റ് : സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

Cyclone Ockhi alert at Kerala coast. Coast guard and police put restrictions on Trivandrum coast. Navy deploys ship to find missing fishermen . Express photo, 30-11-2017, Trivandrum

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊച്ചി ചെല്ലാനം ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് വീട്ടിലേക്ക് പോയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചെല്ലാനം ചാണിപറമ്ബില്‍ ജോസഫ് റെക്സണ്‍(40) ആണ് ഇന്ന് രാവിലെ മരിച്ചത്. ക്യാമ്ബില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാള്‍ അവിടെ ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 20,000 രൂപയും സൗജന്യ ചികിത്സയും ലഭ്യമാക്കും.

മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യബന്ധന ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. സംസ്ഥാനത്താകമാനമായി 30 ദുരിതാശ്വാസ ക്യാമ്ബുകളിലായി 528 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തീരദേശ മേഖലയില്‍ വീടുകളുള്ളവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും എട്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.