ജർമൻ ഷെപ്പേഡ് നായകളുമായി തിരുവനന്തപുരത്തേക്ക് പോകാൻ കാസർകോട് റെയിൽവേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ യുവതിയുടെ യാത്ര അധികൃതർ തടഞ്ഞു

കാ​സ​ര്‍​കോ​ട്​: ജർമൻ ഷെപ്പേഡ് നായകളുമായി തിരുവനന്തപുരത്തേക്ക് പോകാൻ കാസർകോട് റെയിൽവേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ യുവതിയുടെ യാത്ര റെയിൽവേ അധികൃതർ തടഞ്ഞു. ഉ​പ്പ​ള​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സെലീന ശി​വ​ന്‍​പി​ള്ള​ക്കാ​ണ്​ നാ​യ്​​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന ബോ​ക്​​സ്​ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. ഒ​രു നാ​യു​ണ്ടെ​ന്ന്​ മാ​ത്ര​മേ യു​വ​തി അ​റി​യി​ച്ചി​രു​ന്നു​ള്ളൂ​വെ​ന്നും അ​തി​നാ​ല്‍ ഒ​രു ബോ​ക്​​സ്​ മാ​ത്ര​മാ​ണ്​ ക​രു​തി​​യ​തെ​ന്നു​മാ​ണ്​ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടു​ള്ള മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്​​സ്​​പ്ര​സി​ന്​ പോകാനാണ് തന്റെ രണ്ട് വളർത്തോമനകളുമായി​ സെലീന കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. നാ​യ്​​കള്‍ക്ക്​​ മു​ന്‍​കൂ​റാ​യി യു​വ​തി ടി​ക്ക​റ്റ്​ ബു​ക്ക്​​ചെ​യ്​​തി​രു​ന്നെങ്കിലും ഒ​രു ബോ​ക്​​സി​ല്‍ ര​ണ്ടു നാ​യ്​​ക്ക​ളെ കൊ​ണ്ടു​പോ​കാ​നാ​വി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ യാത്ര നിഷേധിക്കുകയായിരുന്നു. യു​വ​തി ബഹളം വെക്കുകയും, കരഞ്ഞു പറയുകയും ചെയ്‌തെങ്കിലും കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ത​ങ്ങ​ളു​ടെ നിലപാട് മാറ്റിയില്ല. ഇ​തി​നി​ട​യി​ല്‍ മാ​വേ​ലി എ​ക്​​സ്​​പ്ര​സ്​ കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​വേ സ്​​​റ്റേ​ഷ​ന്‍ ക​ട​ന്നു​പോ​കു​ക​യും ചെ​യ്​​തു. മാ​വേ​ലി എ​ക്​​സ്​​പ്ര​സി​നു​ശേ​ഷം മ​ല​ബാ​ര്‍ എ​ക്​​സ്​​പ്ര​സ്​ കാ​സ​ര്‍​കോ​ട്​ വ​ഴി ക​ട​ന്നു​പോ​യെ​ങ്കി​ലും അ​തി​ലും യു​വ​തി​ക്ക്​ യാ​ത്രാ​നു​മ​തി ല​ഭി​ച്ചി​ല്ല. യാത്ര മുടങ്ങിയതിനാല്‍ റെയില്‍വേക്കെതിരെ റെയില്‍വെ പൊലീസില്‍ പരാതിപ്പെട്ടാണ് സെലീന മടങ്ങിയത്.