ശതമാനക്കണക്കിൽ അഭിഭാഷകർ പ്രതിഫലം വാങ്ങുന്നത് തൊഴിൽപരമായ മാന്യതയില്ലായ്മ:സുപ്രീം കോടതി

ന്യൂഡൽഹി∙ കേസു ജയിച്ചു കിട്ടുന്ന തുകയുടെ ശതമാനക്കണക്കിൽ അഭിഭാഷകർ പ്രതിഫലം വാങ്ങുന്നത് തൊഴിൽപരമായ മാന്യതയില്ലായ്മയും പൊതുനയത്തിനെതിരാണെന്നും സുപ്രീം കോടതി. അഭിഭാഷകവൃത്തിയുടെ ധാർമികതയ്ക്കു ചേരാത്തതും കക്ഷികളെ ചൂഷണം ചെയ്യുന്നതുമായ ഇത്തരം മോശം പ്രവണതകൾ തടയാൻ സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നിയന്ത്രണസംവിധാനം ഏർപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു.ലളിത് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ ഭർത്താവു മരിച്ച സുനിത എന്ന സ്ത്രീക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ 10 ലക്ഷം രൂപ വക്കീലിനു നൽകിയിരുന്നു. അതു പോരാഞ്ഞു മൂന്നു ലക്ഷം രൂപയുടെ ചെക്കു കൂടി വാങ്ങിയ അഭിഭാഷകൻ ചെക്കു മടങ്ങിയതിനെതിരെ നൽകിയ കേസിലാണു സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. കേസിൽ ആന്ധ്ര ഹൈക്കോടതി അഭിഭാഷകന് അനുകൂലമായി വിധിച്ചിരുന്നു. അഭിഭാഷകരുടെ ഫീസ് ഏകീകരിക്കുന്നതിനും അർഹരായ കക്ഷികൾക്കു സൗജന്യ സേവനം ലഭ്യമാക്കുന്നതിനും 1988ൽ കമ്മിഷൻ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇതുവരെ ആവശ്യമായ നിയമനിർമാണം നടത്തിയിട്ടില്ലെന്നും കോടതി ഓർമിപ്പിച്ചു.