ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്‌ക്ക് ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയണം : ലണ്ടൻ മേയർ സാദിഖ് ഖാൻ

അമ‌ൃത്‌സർ: കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്‌ക്ക് ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. അമ‌ൃത്‌സറിൽ ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് ആദാരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1919ൽ ബ്രിട്ടീഷ് സൈന്യം നടത്തിയ കൂട്ടക്കൊലകൾക്ക് സർക്കാർ മാപ്പ് പറയേണ്ട സമയമായെന്ന് സന്ദർശക പുസ്തകത്തിൽ എഴുതിയതിന് ശേഷമാണ് മേയർ മടങ്ങിയത്. ചരിത്രത്തലെ ഈ ദുരന്തം ആരു മറക്കില്ലെന്നും ഇവിടെ വരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013ൽ ഇന്ത്യ സന്ദർശിച്ച ഡേവിഡ് കാമറൂൺ സംഭവത്തെ ലജ്ജാവഹം എന്ന് അപലപിച്ചിരുന്നു. എന്നാൽ അദ്ദേഹം മാപ്പ് പറച്ചിൽ നടത്തിയിട്ടില്ല. 1919 ‌ഏപ്രിൽ 13ന് നിരായുധരായ സമരക്കാർക്ക് നേരെ ബ്രിട്ടീഷ് സൈന്യം വെടിവയ്‌ക്കുകയായിരുന്നു. സമരക്കാരിൽ സ്ത്രീകളും കുട്ടികളുമടക്കം 400 പേർ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. എന്നാൽ 1000ത്തിൽ അധികം പേർ മരിച്ചെന്നാണ് ഇന്ത്യയുടെ കണക്ക്.