ശക്തമായ കാറ്റിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകർന്നു, അഞ്ചു പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകരുകയായിരുന്നു. തീരത്തു നിന്നും അധികം ദൂരെയല്ലാതെയാണ് ബോട്ട് തകര്‍ന്നത്. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവര്‍ കോഴിക്കോട് ബീച്ച്‌ ആശുപത്രിയിൽ ചികിത്സതേടി. തീരത്ത് കടല്‍ ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.