അന്യമതസ്ഥനുമായുള്ള മകളുടെ പ്രണയവും, ഭാര്യയെക്കുറിച്ചുള്ള സംശയങ്ങളും ശശിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചു; പതിനെട്ടുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്

മലപ്പുറം : മകളെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. മകള്‍ക്ക് അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയം ആണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് ശശി പൊലീസിനോട് പറഞ്ഞു. മാത്രമല്ല കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകൾ അമ്മയെ ന്യായീകരിച്ചതും ശശിയെ കൂടുതൽ പ്രകോപിതനാക്കി.

ശശിയുടെ ഭാര്യ ശൈലജയും മകന്‍ പ്രസാദും നാലുദിവസം മുന്‍പ് കുടുംബ പ്രശ്നങ്ങള്‍ മൂലം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശശിയും മകൾ ശാലുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഭാര്യയുമായുള്ള വഴക്ക് സംബന്ധിച്ച്‌ ശശി മകളോടു സംസാരം തുടങ്ങി. ഇതു വാക്കേറ്റത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചെന്നാണ് പൊലീസ് പറയുന്നത്.അടുക്കളയില്‍ വച്ച്‌ കഴുത്തില്‍ തോര്‍ത്തുമുണ്ട് കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി മകളെ കൊന്നത്. തന്നോടു പിണങ്ങിപ്പോയ ഭാര്യയെ ന്യായീകരിച്ചു സംസാരിച്ചതിനാണു ശശി മകളെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കാടപ്പടിയില്‍വച്ച്‌ ശശി ട്രാന്‍സ്ഫോമറില്‍ പിടിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പുലര്‍ച്ചെ നാലോടെ ഇയാള്‍ സ്റ്റേഷനിലേക്കു നേരിട്ടെത്തുകയായിരുന്നു. ശശി സംശയ രോഗിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ശശി കൂലിപ്പണിക്കാരനാണ്. ഏതാനും വര്‍ഷമായി പെരുവള്ളൂരിലാണു താമസം.

പഠിക്കാന്‍ മിടുക്കിയായിരുന്ന ശാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തേ വേങ്ങര ഉപജില്ലാ കലോത്സവത്തില്‍ കലാതിലകമായിരുന്നു.പ്ലസ്ടുവിന് ശേഷം പിഎസ്സി പരിശീലനത്തിലായിരുന്നു. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും വഴക്കിനു ആധാരമായിരുന്നു. അന്യമതസ്ഥനുമായുള്ള ഈ ബന്ധത്തെ ചൊല്ലിയും രാത്രിയില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടി അമ്മയെ ന്യായീകരിച്ചതായാണ് ശശിയെ പ്രകോപിപ്പിച്ചത്.