നാല് കൗമാര താരങ്ങള്‍ കൂടി: കേരള ബ്ലാസ്റ്റേഴ്‌ ചെറുപ്പമാകുന്നു

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് നാല് കൗമാര താരങ്ങള്‍ കൂടി. കേരളത്തില്‍ നിന്നുള്ള മധ്യനിര താരമായ ഋഷി ദത്ത്, സിക്കിം മുന്നേറ്റനിര കളിക്കാരന്‍ സൂരജ് റാവത്ത്, മണിപൂരിന്റെ പ്രതിരോധ നിര താരം മൊഹമ്മദ് റാകിപ്, ഉത്തരാഖണ്ഡ് മധ്യനിര താരമായ ദീപേന്ദര്‍ നേഗി എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചത്. ഇവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ ഇറങ്ങുമെന്നാണ് സൂചന.

ഈ വര്‍ഷമാണ് ഐഎസ്എല്‍ ക്ലബുകളുടെ റിസര്‍വ് ടീമുകളെ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ പങ്കെടുപ്പിക്കാമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ്, എടികെ, മുംബൈ എന്നിവര്‍ അവരുടെ ടീമുകളെ പങ്കെടുപ്പിക്കില്ലെന്നു ആദ്യമേ വെളിപ്പെടുത്തിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സും ഇതില്‍ നിന്നു പിന്മാറിയെന്നു വാര്‍ത്തകളുണ്ടായിരുന്നു.