പി വി അൻവർ എംഎൽഎയുടെ തടയണ പൊളിച്ചുനീക്കാൻ ഉത്തരവ്

മലപ്പുറം: പി വി അൻവർ എംഎൽഎയുടെ തടയണ പൊളിച്ചുനീക്കാൻ ഉത്തരവ്. രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുള്ളത്. കലക്ടറുടെ ചേമ്ബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെറ്റിലപ്പാറ വില്ലേജ് ഓഫീസിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് അയച്ചു. സ്ഥലമുടമ പൊളിച്ചുമാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം തടയണ പൊളിച്ചുമാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. ചെറുകിട ജലസേചന വിഭാഗത്തിനാണ് തടയണ പൊളിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
ചീങ്കണ്ണിപ്പാലിയിലാണ് നിയമം ലംഘിച്ച്‌ എംഎല്‍എ തടയണ നിര്‍മ്മിച്ചത്. എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍ഡിഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിര്‍മ്മാണം. എന്നാല്‍ എംഎല്‍എയ്ക്ക് 2015 ജൂണ്‍-ജൂലൈ മാസങ്ങളിലായി തടയണ നിര്‍മ്മിക്കാന്‍ യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിട്ടില്ല. അനധികൃതമായാണു തടയണ നിര്‍മ്മിച്ചതെന്ന് അന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തടയണ പൊളിച്ചുമാറ്റാന്‍ അന്നത്തെ കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു.