‘ആ ഡയലോഗുകള്‍ സ്ത്രീവിരുദ്ധം’; പൊതുവേദിയിൽ മമ്മൂട്ടിയെ വിമർശിച്ച് നടി പാര്‍വതി

തിരുവനന്തപുരം : കസബയിലെ മമ്മൂട്ടിയുടെ ചില ഡയലോകുകൾ വല്ലാതെ വേദനിപ്പിച്ചെന്ന് നടി പാര്‍വതി. ഐഎഫ്‌എഫ്കെയുടെ ഓപ്പണ്‍ ഫോറത്തിലാണ് കസബയ്ക്കും മമ്മൂട്ടിക്കുമെതിരെ നടി പാര്‍വതി വിമര്‍ശനം ഉന്നയിച്ചത്. ‘തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്’ പാര്‍വതി പറഞ്ഞു.

പേരെടുത്ത് പറയാതെയായിരുന്നു പാര്‍വതി ആദ്യം ചിത്രത്തെ വിമര്‍ശിച്ചത്. എന്നാല്‍, പിന്നീട് വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് പേര് പറയാൻ തയ്യാറായത്.

ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനില്‍ ഇരിക്കുന്ന ഒരു നടന്‍ അങ്ങനെ പറയുമ്ബോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ബഹുമാനം നിലനിര്‍ത്തി തന്നെയാണ് ഞാന്‍ പറയുന്നത്’. – പാര്‍വതി പറയുന്നു.