യുദ്ധം വേണ്ട ; ചൈനയുടെ നിലപാടിനെ പിന്തുണച്ച് ദക്ഷിണകൊറിയ

ബെയ്ജിങ്: ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കാൻ ദക്ഷിണകൊറിയയും ചൈനയും തമ്മിൽ ധാരണയായി. ഇരു രാജ്യങ്ങളിലേയും തലവന്മാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കുറച്ചു നാളായി കൊറിയൻ മേഖല അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു. ഈ സഹചര്യത്തിലാണ് മേഖലയിലെ പ്രശ്നം പരിഹരിക്കാൻ ചൈന മുൻകൈ എടുക്കുന്നത്.

മേഖലയിൽ ഒരു തരത്തിലുള്ള യുദ്ധം ഉണ്ടാകാൻ അനുവദിക്കുകയില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റ് ഷീ ചിങ് പിങ് പറഞ്ഞു. കൂടാതെ ഉത്തരകൊറിയക്കും ദക്ഷിണകൊറിയക്കും തുല്യപിന്തുണയാണ് ചൈന നല്‍കുന്നതെന്നും കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു നാളുകളായി യുദ്ധസമാനമായ സാഹചര്യത്തിലാണ് കൊറിയന്‍ ഉപദ്വീപ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുണ്ടായ വാക്പോരാണ് യുദ്ധസമാനമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. പ്രശ്നങ്ങൾ സമാധാനപരമായി ചർച്ച ചെയ്ത് തീർക്കുകയാണ് വേണ്ടതെന്നു ചൈന അഭിപ്രായപ്പെട്ടു. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുക എന്ന ലക്ഷ്യമാണ് ചൈനക്കുള്ളതെന്നും ഉപദ്വീപില്‍ യുദ്ധമുണ്ടാകാന്‍ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് പറഞ്ഞു.