കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാൻ യു.ഡി.എഫിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി.

18ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്റി 19ന് രാവിലെ 7.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും.

പിന്നീട് പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമേ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശന സ്ഥലം തീരുമാനിക്കൂ. വൈകിട്ട് ആറരയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.