വന്‍ മോഷണങ്ങള്‍ക്കുപിന്നില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സംഘമാണെന്ന് നിഗമനം

അടുത്തിടെ എറണാകുളത്തും മുന്‍പ് തിരുവനന്തപുരത്തും വീടുകള്‍ കേന്ദ്രീകരിച്ചു നടന്ന വന്‍ മോഷണങ്ങള്‍ക്കുപിന്നില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സംഘമാണെന്ന് പോലീസ് നിഗമനം. പുണെ അഹമ്മദ് നഗറില്‍നിന്നുള്ളവരാണ് 2009-ല്‍ തിരുവനന്തപുരത്ത് നടന്ന മോഷണപരമ്പരയ്ക്കുപിന്നിലുണ്ടായിരുന്നത്. ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്കുപിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്.

എട്ടില്‍ കൂടുതല്‍ പേര്‍ സംഘത്തിലുണ്ടാകും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ മലയാളവും സംസാരിക്കും. വലിയ വീടുകളാണ് ഇവര്‍ തിരഞ്ഞെടുക്കുക. തിരുവനന്തപുരത്ത് മുന്‍പ് നടന്ന മോഷണത്തെത്തുടര്‍ന്ന് സംഘാംഗമായ വികാസ് ഗോഡാജി ചൗഹാന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ഐ.ജി.യുടെ സന്ദേശത്തിലുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

വീടുകളുടെ മുന്‍ഭാഗത്തെ ജനാലകള്‍ ഇളക്കിമാറ്റി അകത്തുകടക്കും. വീട്ടിലുള്ളവരെ ഉപദ്രവിക്കും. കൈകാലുകള്‍ കെട്ടിയിടും. വീട്ടിലുള്ളവരുടെ മുഖത്ത് സെല്ലോടേപ്പുകള്‍ ഒട്ടിച്ച് നിശ്ശബ്ദരാക്കും. രണ്ടരമണിക്കൂര്‍വരെ വീടുകളില്‍ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.